Leading News Portal in Kerala

56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം തുടങ്ങി; വിലകുറയുന്നതും, വില കൂടുന്നതും | Know how prices go up and down as the 56th GST council meeting begins | Money


ഇത്തവണ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും കുറയ്ക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ അന്തിമ തീരുമാനങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും.

നിലവില്‍ ഏകീകൃത ചരക്ക്-സേവന നികുതിക്കുകീഴില്‍ നാല് നികുതി സ്ലാബുകളാണുള്ളത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവയാണവ. ഇതിനുപുറമേ ആഭരണങ്ങള്‍ക്ക് മൂന്ന് ശതമാനമെന്ന നികുതിയും നിലവിലുണ്ട്. ഈ നിരക്കുകള്‍ രണ്ട് സ്ലാബുകളിലേക്ക് മാത്രമായി ചുരുക്കുന്ന കാര്യം കൗണ്‍സില്‍ യോഗം പരിഗണിക്കും. 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകള്‍ മാത്രം നിലനിര്‍ത്താനാണ് നിര്‍ദ്ദേശം. തിരഞ്ഞെടുത്ത ചില ഇനങ്ങള്‍ക്ക് 40 ശതമാനം പ്രത്യേക നികുതി നിരക്ക് ചുമത്തുന്ന കാര്യവും കൗണ്‍സിലിനുമുന്നില്‍ പരിഗണനയിലുണ്ട്.

ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് വില കുറയും

ഓട്ടോമൊബൈല്‍, അനുബന്ധ മേഖലകളിലെ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയ്ക്കുന്ന കാര്യം കൗണ്‍സില്‍ പരിഗണിക്കുന്നതായാണ് വിവരം. വളം ആസിഡുകളുടെയും ജൈവ കീടനാശിനികളുടെയും ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്നും 12 ശതമാനത്തില്‍ നിന്നും ഏകീകൃതമായി 5 ശതമാനമായി കുറച്ചേക്കും. ഇത് കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം പകരുകയും കൃഷിക്കുള്ള ചെലവ് കുറയുകയും ചെയ്യും.

കേന്ദ്രത്തിന്റെ നികുതി പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ അംഗീകരിച്ചാല്‍ നെയ്യ്, പരിപ്പ്, കുടിവെള്ളം( 20 ലിറ്റര്‍), ശീതളപാനീയങ്ങള്‍, നാംകീന്‍, ചില പാദരക്ഷകളും വസ്ത്രങ്ങളും, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് നികുതി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറയും.

പെന്‍സിലുകള്‍, സൈക്കിളുകള്‍, കുടകള്‍, ഹെയര്‍പിന്നുകള്‍ വരെയുള്ള സാധാരണ ഉപയോഗ വസ്തുക്കളും 5 ശതമാനം സ്ലാബിലേക്ക് മാറിയേക്കാം. ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഒരു പ്രത്യേക വിഭാഗത്തിലെ ഇലക്ട്രോണിക് വസ്തുക്കളുടെ നികുതി നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനം കുറഞ്ഞ നിരക്കിലേക്ക് പോകും. ഇതോടെ ഇവയ്‌ക്കെല്ലാം വില കുറയും.

സോളാര്‍ കുക്കറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, അനുബന്ധ ഗ്രീന്‍ എനര്‍ജി ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറഞ്ഞേക്കും. ഇത് ഇത്തരം ഊര്‍ജ്ജ ഉപകരണങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും.

സിന്തറ്റിക് ഫിലമെന്റ് നൂലുകള്‍, മനുഷ്യനിര്‍മ്മിത സ്റ്റേപ്പിള്‍ ഫൈബര്‍ നൂലുകള്‍, തയ്യല്‍ നൂലുകള്‍, പരവതാനികള്‍, ഗോസ്, റബ്ബര്‍ നൂലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ടെക്‌സ്റ്റൈല്‍സ് ഉത്പന്നങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഈ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകും.

ഇതിനുപുറമേ, 2500 രൂപയില്‍ താഴെ വില വരുന്ന പാദരക്ഷകള്‍ക്ക് ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചേക്കും. അതേസമയം, 2500 രൂപയ്ക്ക് മുകളില്‍ വില വരുന്നവയ്ക്ക് നികുതി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്താനും സാധ്യതയുണ്ട്.

ഇതുകൂടാതെ സേവന വിഭാഗത്തിലും വില കുറയാനുള്ള സാധ്യതയുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയത്തില്‍ നിന്ന് ജിഎസ്ടി ഒഴിവാക്കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തേക്കാം. വസ്ത്രങ്ങളുടെ 5% ജിഎസ്ടിയുടെ വില പരിധി 1,000 രൂപയില്‍ നിന്ന് 2,500 രൂപയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്.

ഇവയെല്ലാം പ്രതീക്ഷികള്‍ മാത്രമാണ്. അന്തിമ തീരുമാനം വ്യാഴാഴ്ച മാത്രമേ അറിയാനാകു. ഉപഭോക്താക്കളെയും വ്യാപാരികളെയും സംബന്ധിച്ച് നികുതി നിരക്കിലുണ്ടാകുന്ന കുറവ് വലിയ ആശ്വാസം നൽകും. നിരവധി ആവശ്യസാധനങ്ങൾക്ക് ഇതുവഴി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്, നാളെ ദ്വിദിന ജിഎസ്ടി കൗൺസിൽ യോഗം അവസാനിക്കുമ്പോൾ അറിയാം ആർക്കൊക്കെയായിരിക്കും നികുതിയിൽ ആശ്വസം ലഭിക്കുകയെന്ന്.

വില കൂടുന്നവ

അതേസമയം, ചില ഉത്പന്നങ്ങൾക്ക് വില ഉയർന്നേക്കും. പുകയില, സിഗരറ്റ്, ഗുഡ്ക, പാന്‍ മസാല, മദ്യം എന്നിവയുള്‍പ്പെടെയുള്ള പാപ ഉത്പന്നങ്ങള്‍ക്ക് വില കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇവയ്ക്ക് 28 ശതമാനമാണ് നികുതി. ഇത് 40 ശതമാനമാക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിരക്ക് പുനഃസംഘടനയ്ക്കുശേഷമുണ്ടാകുന്ന വരുമാന നഷ്ടം നികത്താനും ഇത് സഹായിക്കും.

കല്‍ക്കരി, ബ്രിക്കറ്റുകള്‍, കല്‍ക്കരി, ലിഗ്‌നൈറ്റ്, പീറ്റ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്രോതസ്സുകളായാണ് വിലയിരുത്തുന്നത്. ചിലതിന്റെ നികുതി കുറയുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം ഇത്തരം ഉത്പന്നങ്ങൾ‍ക്ക് നികുതി ഉയർ‌ത്തുന്നതിലൂടെ പരിഹരിക്കാനാകും.

2500 രൂപയില്‍ കൂടുതല്‍ വില വരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നും 18 ശതമാനം സ്ലാബിലേക്ക് മാറിയേക്കും. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില ഉയരാൻ ഇത് കാരണമാകും.

ജിഎസ്ടി നഷ്ടപരിഹാര സെസ് 

നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ജിഎസ്ടി നിരക്ക് പുനഃസംഘടനയെ തുടര്‍ന്നുണ്ടാകുന്ന വരുമാന നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചു. ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. 12, 28 ശതമാനം നീക്കം ചെയ്താല്‍ നികുതി വരുമാനം എങ്ങനെ സംരക്ഷിക്കുമെന്ന് യോഗത്തില്‍ സംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്തു.

40 ശതമാനം നിരക്കിന് മുകളിലുള്ള ഏതെങ്കിലും നികുതി വരുമാന നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങളുമായി പങ്കിടുന്നതിന് മാത്രമായിരിക്കണമെന്ന് പശ്ചിമ ബംഗാള്‍ പോലുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഡംബര, ദൂഷ്യ വസ്തുക്കള്‍ക്ക് 1 മുതല്‍ 290 ശതമാനം വരെ നഷ്ടപരിഹാര സെസ് ചുമത്തുന്നുണ്ട്. വരുമാന നഷ്ടം നികത്തുന്നതിന് വേണ്ടിയാണിത്. ജിഎസ്ടി നടപ്പിലാക്കിയതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനായി 2022 ജൂണ്‍ 30 വരെ 5 വര്‍ഷത്തെ കാലയളവിലേക്കാണ് നഷ്ടപരിഹാര സെസ് സംവിധാനം തുടക്കത്തില്‍ നടപ്പിലാക്കിയത്. പിന്നീട് ഇത് 2026 മാര്‍ച്ച് 31 വരെ നീട്ടി. കോവിഡ് കാലത്ത് സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താന്‍ കേന്ദ്രം എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ഈ തുക ഉപയോഗിക്കുന്നു. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ ആ വായ്പ അവസാനിക്കും. പിന്നീട് നഷ്ടപരിഹാര സെസ് ഇല്ലാതാകും.