‘കോൺഗ്രസ് നേതാവ് രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും’; പി സരിൻ | P Sarin says he will file a defamation case against Raga Ranjini | Kerala
Last Updated:
ട്രാൻസ് ജൻഡർ യുവതി ഇങ്ങനെ സംസാരിച്ചത് ആർക്ക് വേണ്ടിയാണെന്നും അറിയില്ലെന്ന് പി സരിൻ പറഞ്ഞു
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ട്രാൻസ്ജൻഡർ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഡോ. പി.സരിൻ. ന്യൂസ് 18 കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് പി സരിനെതിരെ രാഗ രഞ്ജിനി ലൈംഗികാരോപണം നടത്തിയത്. സരിന്റെ ഭാര്യ സൗമ്യ സരിനെ അഭിസംബോധന ചെയ്തായിരുന്നു രാഗ രഞ്ജിനി ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, മണിക്കൂറുകൾക്കകം ഈ ആരോപണം ഫെയ്സ്ബുക്കിൽ നിന്നും പിൻവലിച്ചിരുന്നു.
‘ഇല്ലാത്തൊരു വിഷയം ചർച്ചയിലേക്ക് കൊണ്ടു വരുമ്പോൾ, ആ വിഷയം ഉള്ളതാണോന്ന് പരിശോധിക്കുകയാണ് സാധാരണ മാധ്യമങ്ങൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ മറുപടി നൽകേണ്ടതില്ലെന്നാണ് ആദ്യം കരുതിയത്. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോഴോ, അതിന് മുന്നെയോ ശേഷമോ നമ്മുടെതായിട്ടുള്ള സാമൂഹികബോധം എന്താണെന്ന് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നയാളാണ് ഞാൻ. ഇത് വരെ അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് നടന്നിട്ടില്ല. ജീവിതത്തിൽ പകർത്തുകമാത്രമാണ് ചെയ്തിട്ടുള്ളത്.
ഈ ട്രാൻസ്ജൻഡർ യുവതി ഞാൻ ഇങ്ങനെ പറഞ്ഞു എന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഇങ്ങനെ സംസാരിച്ചത് ആർക്കൊക്കെ വേണ്ടിയാണ്, ആരുടെ നിർബന്ധ ബുദ്ധിയാണ് ഇതിന്റെ പുറകിൽ എന്നുള്ള കാര്യങ്ങളൊന്നും എനിക്കറിയില്ല. ആളുകളുടെ മുന്നിൽ തലയുയർത്തി നിന്നുകൊണ്ടാണ് പൊതുപ്രവർത്തനം നടത്തേണ്ടതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതിനാൽ, ഈ വിഷയത്തിന് മാനനഷ്ടത്തിന് കേസ് കൊടുക്കുക എന്നതാണ് എന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട ഔചിത്യപൂർണമായ നടപടിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കാരണം, ഇനിയും മറ്റൊരു പൊതുപ്രവർത്തകന്റെ നേരെ വെറുതെയുള്ള ആരോപണങ്ങൾ ഉന്നയിക്കും. ഇങ്ങനെ വ്യക്തിഹത്യ നടത്തുന്നതും വേട്ടയാടുന്നതും ശരിയായിട്ടുള്ള രീതിയല്ല.’- പി സരിൻ പറഞ്ഞു.
Thiruvananthapuram,Kerala
September 04, 2025 8:07 PM IST
