രാജീവ് ചന്ദ്രശേഖരനും അമിത് ഷാക്കും നന്ദി അറിയിച്ച് ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങി തിരിച്ചെത്തിയ മലയാളികൾ | Malalayalees who returned after being stranded in the floods in Himachal Pradesh thanked Rajeev Chandrasekhar and Amit Shah | Kerala
Last Updated:
ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്
കൊച്ചി: ഹിമാചലിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും കുടുങ്ങി പോയ മലയാളി സഞ്ചാരികൾ കേരളത്തിൽ തിരിച്ചെത്തി. ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്.
സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്രതിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെട്ടു പോകുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന വരദ എന്ന പെൺകുട്ടി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിനെ ബന്ധപ്പെടുകയായിരുന്നു.
ഷോൺ ഇക്കാര്യം സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് ഉടൻ തന്നെ കേന്ദ്ര മന്ത്രി അമിത് ഷായെ ബന്ധപ്പെട്ടു. പിന്നീട് അമിത് ഷാ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനെ ബന്ധപ്പെട്ട് അവർക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉറപ്പു വരുത്തുകയായിരുന്നു.
മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു തങ്ങളെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞതായി വരദ പറഞ്ഞു. പിന്നീട് ഭക്ഷണം താമസം സുരക്ഷിതത്വം അങ്ങനെ എല്ലാം ഹിമാചൽ പ്രദേശ് സർക്കാർ ഒരുക്കിയെന്നും വരദ പറഞ്ഞു.
മഴയത്ത് രണ്ടു ദിവസം ഒറ്റപ്പെട്ടതോടെ താനും ഒപ്പമുണ്ടായിരുന്നവരും ഭയന്നു പോയെന്നും വരദ മാധ്യമങ്ങളോട് പറഞ്ഞു. അതോടെയാണ് ഷോൺ ജോർജിനെ വരദ ബന്ധപ്പെട്ടത്. പിന്നീട് സംഭവം പുറം ലോകമറിയുന്നത് ഷോൺ വഴിയായിരുന്നു.
തിരുവോണ നാളിൽ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് വരദയും സംഘവും. സംഭവത്തിൽ അതിവേഗ ഇടപെടൽ നടത്തിയ രാജീവ് ചന്ദ്രശേഖരനും ഷോൺ ജോർജിനും അമിത് ഷായ്ക്കും സംഘം പ്രത്യേകം നന്ദി അറിയിച്ചു.
ഓഗസ്റ്റ് 25-ന് ഡൽഹിയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. സ്പിറ്റിയിൽ നിന്ന് കൽപയിലേക്കെത്തിയ ശേഷമാണ് യാത്ര തടസ്സപ്പെട്ടത്.
തുടർച്ചയായി പെയ്യുന്ന കനത്ത മഴ കാരണം റോഡുകളും തകർന്നു പോയി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം നിലച്ച് യാത്ര സംഘം ഒറ്റപ്പെട്ടു പോകുകയായിരുന്നു.
Kochi [Cochin],Ernakulam,Kerala
September 06, 2025 7:57 PM IST
രാജീവ് ചന്ദ്രശേഖരനും അമിത് ഷാക്കും നന്ദി അറിയിച്ച് ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങി തിരിച്ചെത്തിയ മലയാളികൾ
