Leading News Portal in Kerala

ഇന്ത്യയെ തകര്‍ക്കാനുള്ള ആഹ്വാനവുമായി ഓസ്‌ട്രേലിയന്‍ സാമ്പത്തിക വിദഗ്ദ്ധന്‍ | Australian economist calls for the destruction of India | World


Last Updated:

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ‘റഷ്യയുടെ മനുഷ്യന്‍’ എന്നാണ് സാമ്പത്തിക വിദഗ്ദ്ധന്‍ വിശേഷിപ്പിച്ചത്

News18News18
News18

ഇന്ത്യയെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയന്‍ സാമ്പത്തിക വിദഗ്ദ്ധനായ ഗുന്തര്‍ ഫെഹ്ലിംഗര്‍ ജാന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഇതോടെ അദ്ദേഹത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ എക്‌സ് എക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ‘റഷ്യയുടെ മനുഷ്യന്‍’ എന്നാണ് ജാന്‍ വിശേഷിപ്പിച്ചത്. ഖലിസ്ഥാനെ പിന്തുണച്ചുള്ള പ്രസ്താവനയും ഇതിലുണ്ടായിരുന്നു. ഖലിസ്ഥാനു (KhalistanNte) വേണ്ടി നമുക്ക് സ്വാതന്ത്ര്യത്തിന്റെ സുഹൃത്തുക്കളെ വേണമെന്ന് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

ഇന്ത്യയുടെ ഭൂപടത്തിന്റെ വിവാദപരമായ ചിത്രവും പോസ്റ്റില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈനില്‍ അദ്ദേഹത്തിന്റെ ഇന്ത്യയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശവും ഭൂപടത്തിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാപകമായി പ്രചരിച്ചു. ഈ ഭൂപടത്തില്‍ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളും പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഖലിസ്ഥാന്റെയും ഭാഗമായാണ് കാണിച്ചിരുന്നത്.

സംഭവം വൈറലായതോടെ ജാനിന്റെ എക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രാലയവും എക്‌സ് ടീമിനോട് ആവശ്യപ്പെട്ടു. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ ഭീമന്‍ ഇതോടെ ഇന്ത്യയില്‍ ഗുന്തര്‍ ഫെഹ്ലിംഗര്‍ ജാനിന്റെ എക്കൗണ്ട് ബ്ലോക്ക് ചെയ്തു.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ലെന്ന സൂചനയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക വിദഗ്ദ്ധന്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ അറിയിച്ചു.

ഉക്രെയ്ന്‍, ഓസ്ട്രിയ, ബോസ്‌നിയ, കൊസോവോ എന്നിവയുടെ നാറ്റോ അംഗത്വത്തിനുള്ള ഓസ്ട്രിയന്‍ കമ്മിറ്റിയുടെ പ്രസിഡന്റാണ് ജാന്‍. സാമ്പത്തിക വിദഗ്ധന്റെ ഒരു പഴയ ട്വീറ്റും ഇതോടൊപ്പം വൈറലായിട്ടുണ്ട്. അതില്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പിന്തുണച്ചിരുന്നു. പഴയ ട്വീറ്റുകളില്‍ പ്രധാനമന്ത്രി മോദിയെ ‘റഷ്യ അനുകൂലിയും ചൈന അനുകൂലിയും’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.