പേരൂർക്കട മാല മോഷണക്കേസ്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; പൊലീസിന്റേത് കള്ളക്കഥ| Peroorkada fake necklace theft case Crime Branch report says police story is false | Kerala
Last Updated:
മറവി പ്രശ്നമുള്ള ഗൃഹനാഥ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി
തിരുവനന്തപുരം: പേരൂർക്കട മാല മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്‌പി വിദ്യാധരന്റെ റിപ്പോർട്ടിൽ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാണാതായ മാല വീടിന്റെ പിന്നിലെ ചവർ കൂനയിൽനിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂർക്കട പൊലീസിന്റെ കഥ നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നുവെന്നും രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ദളിത് യുവതിയ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെനും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കുനിന്ന വീട്ടിൽ നിന്നും സ്വർണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.
പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്. പൊലീസ് പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തുടർന്ന് പത്തനംതിട്ട ഡിവൈഎസ്പി വിദ്യാധാരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 09, 2025 9:58 AM IST
പേരൂർക്കട മാല മോഷണക്കേസ്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; പൊലീസിന്റേത് കള്ളക്കഥ
