‘എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്’: വേടൻ| rapper Vedan is back on stage after sexual allegations | Kerala
Last Updated:
ഓണത്തോട് അനുബന്ധിച്ച് കോന്നിയിൽ നടക്കുന്ന കരിയാട്ടം എന്ന ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് വേടന്റെ പ്രതികരണം
കോന്നി (പത്തനംതിട്ട): താൻ എങ്ങും പോയിട്ടില്ലെന്ന് റാപ്പർ വേടൻ. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നതെന്നും വേടൻ പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലായിരുന്നു പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടൻ വീണ്ടും റാപ്പ് വേദിയിൽ എത്തുന്നത്. ബലാത്സംഗ കേസിന് പിന്നാലെ വേടൻ ഒളിവിൽ എന്നായിരുന്നു പൊലീസ് പറഞ്ഞത്. കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരിക്കെയാണ് വേടന്റെ പ്രതികരണം.
‘ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണ്. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. ഞാൻ എന്റെ ഒറ്റ ജീവിതം ഈ ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്’ വേടൻ പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് കോന്നിയിൽ നടക്കുന്ന കരിയാട്ടം എന്ന ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് വേടന്റെ പ്രതികരണം.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസെടുത്ത കേസിൽ വേടന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വേടനെതിരെ വീണ്ടും സമാനമായ പരാതി ഉയർന്നിരുന്നു. പീഡന പരാതി ഉയർന്നതിനെ തുടർന്ന് വേടൻ പരിപാടികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പീഡന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വേടനോട് നിർദേശിച്ചിരുന്നു.
Pathanamthitta,Pathanamthitta,Kerala
September 09, 2025 8:54 AM IST
