ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയ സെനേറ്റര്‍ മാപ്പ് പറയണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് | Australian PM Albanese Urges Senator Jacinta Price to Apologise over Remarks on Indian Migrants | World
Last Updated:
ഇന്ത്യക്കാരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് സെനേറ്റർ നടത്തിയ പരാമര്‍ശമാണ് വിവാദമായത്
ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയതിന് സെന്റര്‍-റൈറ്റ് ലിബറല്‍ പാര്‍ട്ടിയിലെ സെനേറ്ററായ ജസീന്ത നമ്പിജിന്‍പ പ്രൈസ് മാപ്പ് പറയണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ജസീന്ത നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നാണ് ഇന്ത്യൻ സമൂഹം. രാജ്യത്തെ ജീവിതച്ചെലവ് വര്‍ധിച്ചതിന് ഇന്ത്യക്കാരാണ് ഉത്തരവാദികളെന്ന് രാജ്യവ്യാപകമായി നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രൈസിന്റെ ആരോപണം.
ആല്‍ബനീസിന്റെ സെന്റര്‍-ലെഫ്റ്റ് ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ധാരാളം ഇന്ത്യക്കാരെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അനുവദിച്ചിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച നല്‍കിയ ഒരു റേഡിയോ അഭിമുഖത്തില്‍ പ്രൈസ് ആരോപിച്ചിരുന്നു. ”ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് ഒരു ആശങ്കയുണ്ട്. അതേസമയം, തന്നെ ലേബറിന് വോട്ട് ചെയ്യുന്ന രീതിയിലും അത് പ്രതിഫലിക്കുന്നത് നമുക്ക് കാണാന്‍ കഴിയും,” പ്രൈസ് പറഞ്ഞു.
ഇത് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിനുള്ളില്‍ വലിയ രോക്ഷത്തിന് കാരണമായി. തുടര്‍ന്ന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉള്‍പ്പെടെ പ്രൈസ് ക്ഷമാപണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു.
പ്രൈസിന്റെ പരാമര്‍ശം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് വേദനയുണ്ടാക്കിയതായി ആല്‍ബനീസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
”സെനേറ്റര്‍ നടത്തിയ അഭിപ്രായങ്ങള്‍ തെറ്റാണ്. അതുമൂലമുണ്ടായ വേദനയ്ക്ക് അവര്‍ മാപ്പ് പറയണം. അവരുടെ സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും അതാണ് ആവശ്യപ്പെടുന്നത്,” ആല്‍ബനീസ് പറഞ്ഞു.
2023ല്‍ 8,45,800 ഇന്ത്യന്‍ വംശജര്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയയില്‍ ജനിച്ച ലക്ഷക്കണക്കിന് ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള ഇന്ത്യന്‍ വംശപരമ്പര അവകാശപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്‌ട്രേലിയയില്‍ ഇന്ത്യാ വിരുദ്ധ വികാരം വര്‍ധിച്ചുവരുന്നത് ചര്‍ച്ച ചെയ്യാന്‍ ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റിലെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കമ്യൂണിറ്റി ഗ്രൂപ്പുകളുടെ ഒരു യോഗം ചേര്‍ന്നിരുന്നു.
September 09, 2025 5:47 PM IST
ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയ സെനേറ്റര്‍ മാപ്പ് പറയണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്
