നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും; നോയിഡയില്‍ മൂന്ന് പേർ അറസ്റ്റിൽ | Three people arrested in Noida for forced religious conversion and wedding | India
Last Updated:
യുവതി നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നതാണ്. അതില്‍ ഒരു കുട്ടിയുമുണ്ട്
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി 28 വയസ്സുള്ള ഒരു യുവതിയെ വിവാഹം കഴിച്ച കേസില്‍ മൂന്ന് പേരെ നോയിഡ പോലീസ് അറസ്റ്റുചെയ്തു. എഹ്സാന്‍ എന്നറിയപ്പെടുന്ന രാജ മിയാന്‍ ആണ് കേസിലെ മുഖ്യ പ്രതി. ഇയാളുടെ അമ്മയും അച്ഛനും സഹോദരനുമാണ് മറ്റ് പ്രധാന പ്രതികള്‍. ഈ യുവതി നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നതാണ്. അതില്‍ ഒരു കുട്ടിയുമുണ്ട്.
മകളുടെ മോചനം ആവശ്യപ്പെട്ട് ഇരയായ യുവതിയുടെ അമ്മ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് പുറത്തുവന്നത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആറ് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയെ പോലീസ് കണ്ടെത്തി തിരികെയെത്തിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പ്രതി യുവതിയെ പ്രലോഭിപ്പിച്ച് ഇവരുമായി ബന്ധം സ്ഥാപിക്കുകയും മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. നിക്കാഹ് നടത്തുന്നതിനു മുമ്പ് തന്നെ വ്യാജ രേഖകള്‍ ഉപയോഗിച്ച് യുവതിയുടെ പേര് മാറ്റിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ മറ്റൊരു വിവാഹം ചെയ്ത യുവതി ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കേസില്‍ മുഖ്യ പ്രതിയായ രാജ മിയാന്റെ കുടുംബത്തിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹം നടത്താനായി വലിയ ആള്‍മാറാട്ടം തന്നെ പ്രതിയുടെ കുടുംബം നടത്തി. പ്രതിയുടെ അമ്മയും സഹോദരനും യുവതിയുടെ ബന്ധുവും സഹോദരനുമായി ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ഒരു പ്രാദേശിക മത പുരോഹിതന് വ്യാജ വിവാഹ ഉടമ്പടി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
രാജ മിയാന്‍, ഇയാളുടെ അച്ഛന്, അമ്മ, സഹോദരന്, പുരോഹിതന് എന്നീ അഞ്ച് പേര്‍ക്കെതിരെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജ മിയാനെയും അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. അവരെ ജയിലിലേക്ക് അയച്ചു. അതേസമയം, സഹോദരനും പുരോഹിതനും ഒളിവിലാണ്.
Thiruvananthapuram,Kerala
September 10, 2025 4:14 PM IST
