Leading News Portal in Kerala

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല; മകനെ ജയിലിലടച്ചു | Mother not given money for expenses RDO jails son in kasaragod | Kerala


Last Updated:

കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

News18News18
News18

കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ ആർഡിഒ ജയിലിലടച്ചു. ആർഡിഒ കോടതിയുടെ വാറണ്ട് പ്രകാരമാണ് ജയിലിൽ അടച്ചത്. മടിക്കൈ സ്വദേശിയായ പ്രതീഷിനെ (46) നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പൊയിൽ സ്വദേശിനിയായ ഏലിയാമ്മ ജോസഫ് (68) ആണ് മകനെതിരെ കാഞ്ഞങ്ങാട് ആർഡിഒ കോടതിയിൽ പരാതി നൽകിയത്.

കോടതി ഉത്തരവിട്ടിട്ടും ചെലവിന് കൊടുക്കാത്തതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിമാസം രണ്ടായിരം രൂപ മകൻ നൽകണമെന്ന് ഒരു വർഷം മുൻപ് ആർഡിഒ കോടതി ഏലിയാമ്മ ജോസഫിന് അനുകൂലമായി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ തുക ലഭിക്കുന്നില്ലെന്ന് കാണിച്ച് അഞ്ചുമാസം മുൻപ് ഏലിയാമ്മ ആർഡിഒ കോടതിയിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകി.

പരാതിയെ തുടർന്ന് പത്തുദിവസത്തിനകം കുടിശ്ശിക ഉൾപ്പെടെയുള്ള തുക നൽകണമെന്ന് ട്രിബ്യൂണൽ നോട്ടീസയച്ചു. രണ്ടുതവണ ഹാജരായപ്പോഴും പണം നൽകില്ലെന്ന് പ്രതീഷ് നിലപാടെടുത്തു. ജൂലൈ 31-നകം ഒരു ഗഡു നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പണം നൽകാൻ തയ്യാറായില്ല.

തുടർന്നാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 5(8), ബിഎൻഎസ് 144 എന്നീ വകുപ്പുകൾ പ്രകാരം പ്രതീഷിനെ ജയിലിലടയ്ക്കാൻ ആർഡിഒ ഉത്തരവിട്ടത്.