ബിജെപിക്കാരൻ്റെ കടയിൽ പോയി റേഷൻ വാങ്ങിച്ചോ! കോൺഗ്രസുകാരനായ നടത്തിപ്പുകാരന് എതിരെ മറിയക്കുട്ടി|ration denied alleges mariyakutty filed complaint against owner | Kerala
Last Updated:
നിങ്ങൾക്ക് കോൺഗ്രസ് വീട് വെച്ച് തന്നിട്ടും അവരെ വഞ്ചിച്ചില്ലേ.. എന്ന് ചോദിച്ച് റേഷൻ കട നടത്തിപ്പുകാരൻ അപമാനിച്ചതായും മറിയക്കുട്ടി പരാതിയിൽ പറയുന്നു
ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പിച്ചച്ചട്ടിയുമായി സമരം ചെയ്ത മറിയക്കുട്ടിക്ക് റേഷൻ നിഷേധിച്ചതായി പരാതി. ബുധനാഴ്ച ജില്ലാ സപ്ലൈ ഓഫീസർക്ക് രേഖാമൂലം പരാതി നൽകി. അടിമാലിയിലെ അപ്‌സരക്കുന്ന് റോഡിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ നടത്തിപ്പുകാരനെതിരെയാണ് മറിയക്കുട്ടി ആരോപണം ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് ജില്ലാ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ആരോപണം പൂർണമായും നിഷേധിച്ച് റേഷൻ കട നടത്തിപ്പുകാരനായ കൂമ്പൻപാറ സ്വദേശി ജീൻസ് രംഗത്തെത്തി. റേഷൻ കടയുടെ ഉടമ അന്നമ്മ പൗലോസാണ്.
റേഷൻ വാങ്ങാനായി കടയിൽ ചെന്നപ്പോൾ കടയുടമ മനപ്പൂർവം കാലതാമസം വരുത്തിയെന്ന് മറിയക്കുട്ടി ആരോപിക്കുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘ആയിരമേക്കറിൽ ബിജെപിക്കാരുടെ റേഷൻ കടയുണ്ട്, അവിടെ പോയി റേഷൻ വാങ്ങിക്കോ’ എന്ന് കടയുടമ പരിഹസിച്ചതായും മറിയക്കുട്ടി പറഞ്ഞു. കൂടാതെ, “നിങ്ങൾക്ക് കോൺഗ്രസ് വീട് വെച്ച് തന്നില്ലേ, എന്നിട്ടും നിങ്ങൾ അവരെ വഞ്ചിച്ചില്ലേ?” എന്ന് ചോദിച്ച് തന്നെ അപമാനിച്ചതായും മറിയക്കുട്ടി പരാതിയിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ റേഷൻ കട നടത്തിപ്പുകാരനും വിശദീകരണം നൽകി. സെപ്റ്റംബർ ഒന്നിന് മറിയക്കുട്ടി റേഷൻ വാങ്ങാൻ കടയിൽ എത്തിയിരുന്നതായി കടയുടമ ജീൻസ് പറഞ്ഞു. അന്ന് അർദ്ധവാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ റേഷൻ വിതരണം ഉണ്ടായിരുന്നില്ല. സെപ്റ്റംബർ രണ്ടിന് വൈകുന്നേരം നാല് മണി മുതലാണ് റേഷൻ വിതരണം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്. അന്ന് വൈകുന്നേരവും സെർവർ തകരാറിലായതിനാൽ മറിയക്കുട്ടിയുൾപ്പെടെ ആർക്കും റേഷൻ നൽകാൻ കഴിഞ്ഞില്ല. മൂന്നാം തീയതി മറിയക്കുട്ടി വീണ്ടും വന്നപ്പോഴും സെർവർ തകരാർ തുടർന്നു. ഇടയ്ക്കിടെ സെർവർ ശരിയാകുന്ന സമയങ്ങളിൽ ആദ്യം വന്ന ആളുകൾക്ക് റേഷൻ നൽകി. എന്നാൽ, മറിയക്കുട്ടിക്ക് കൂടുതൽ സമയം കാത്തുനിൽക്കാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ നൽകാൻ കഴിയൂ എന്ന് മറിയക്കുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് ചെവികൊണ്ടില്ലെന്നും കടയുടമ വ്യക്തമാക്കി.
September 11, 2025 10:50 AM IST
