Leading News Portal in Kerala

യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ് Charlie Kirk who was shot dead in the US was a leader who supported the right to bear guns | World


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായിരുന്നു കിർക്ക്. വിരോധാഭാസമെന്നു പറയട്ടെ യുഎസിലെ വെടിവെപ്പ് ആക്രമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് കിര്‍ക്കിന് വെടിയേറ്റത്. ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ കൊലപാതകം എന്നാണ് കിർക്കിന്റെ കൊലപാതകത്തെ അധികാരികള്‍ വിശേഷിപ്പിച്ചത്.

ശക്തമായ രണ്ടാം ഭേദഗതി അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദ പരാമര്‍ശങ്ങള്‍ ചാർളി കിര്‍ക്ക് നടത്തിയിരുന്നു. തോക്കുകള്‍ കൈവശം വെക്കാനുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം കണക്കിലെടുക്കുമ്പോള്‍ യുഎസിൽ വെടിയേറ്റുള്ള ചില മരണങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അടക്കമുള്ള വിവാദ പ്രസ്താവനകള്‍ കിര്‍ക്ക് നടത്തിയിരുന്നു. കിര്‍ക്ക് വെടിയേറ്റ് മരിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ അദ്ദേഹത്തിന്റെ ഇത്തരം പരാമര്‍ശങ്ങളും ചിലര്‍ വീണ്ടും പരിശോധിക്കുകയാണ്. കൊലപാതകത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് യൂട്ടാ വാലിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അജ്ഞാതന്റെ വെടിയേറ്റ് കിര്‍ക്ക് കൊല്ലപ്പെടുന്നത്. കൂട്ട വെടിവെപ്പുകളെയും തോക്ക് ഉപയോഗിച്ചുള്ള ആക്രമങ്ങളെയും കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൂട്ട വെടിവെയ്പ്പ് നടത്തിയ അക്രമികളുടെ എണ്ണത്തെ കുറിച്ച് പരിപാടിയില്‍ ഒരു വിദ്യാര്‍ത്ഥി അദ്ദേഹത്തോട് ചോദിച്ചു. കൂട്ട ആക്രമണം എണ്ണണോ എന്ന് കിര്‍ക്ക് തിരിച്ച് ചോദിച്ചതിനുപിന്നാലെ വെടിയൊച്ച മുഴങ്ങി.

ഏകദേശം 200 യാര്‍ഡ് അകലെ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. കിര്‍ക്ക് സംസാരിക്കുന്നതിനിടെ കഴുത്തുപിടിച്ച് കുഴഞ്ഞുവീണുവെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യൂട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് ഇതിനെ രാഷ്ട്രീയ കൊലപാതകം എന്ന് പറഞ്ഞു. പ്രസിഡന്റ് ട്രംപ്, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തി. എഫ്ബിഐ, എടിഎഫ് പോലുള്ള ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളല്ല പ്രതി എന്ന് വ്യക്തമായതോടെ പിന്നീട് വിട്ടയച്ചു. കൊലയാളിയെ ഇപ്പോഴും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്കായി അന്വേഷണ ഏജൻസികൾ തിരച്ചിൽ നടത്തുന്നുണ്ട്.

ആരാണ് യഥാർത്ഥത്തിൽ ചാര്‍ളി കിര്‍ക്ക് ?

കടുത്ത യാഥാസ്ഥിതിക-വലത് ആശയങ്ങളുടെ തോഴനായിരുന്നു ചാർളി കിര്‍ക്ക്. ചാള്‍സ് ജെയിംസ് കിര്‍ക്ക് എന്നാണ് യഥാര്‍ത്ഥ പേര്. 2012-ലാണ് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എ അദ്ദേഹം സ്ഥാപിച്ചത്. സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കിര്‍ക്ക് അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു. ടോണിംഗ് പോയിന്റ് ആക്ഷന്‍ സിഇഒയും കൗണ്‍സില്‍ ഫോര്‍ നാഷണല്‍ പോളിസി അംഗവുമായിരുന്നു അദ്ദേഹം.

കിര്‍ക്കിന്റെ മരണത്തോടെ രാഷ്ട്രീയ അക്രമം, പൊതുപരിപാടികളിലെ സുരക്ഷ, വര്‍ദ്ധിച്ചുവരുന്ന തീവ്രവാദം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ അമേരിക്കയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് തോക്ക് സുരക്ഷ, തോക്കുപയോഗിച്ചുള്ള അക്രമം എന്നിവയെക്കുറിച്ചുള്ള മറ്റൊരു ചര്‍ച്ചയ്ക്കും ഇത് തുടക്കമിട്ടിട്ടുണ്ട്.

ഈ ദാരുണമായ സംഭവത്തിന് മുമ്പ് തന്നെ തോക്ക് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമായ പരാമര്‍ശങ്ങള്‍ കിര്‍ക്ക് നടത്തിയിട്ടുണ്ട്. 2023 ഏപ്രിലില്‍ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ കൂടുതല്‍ വിവാദപരമായ പരാമര്‍ശങ്ങളിലൊന്ന് വന്നത്. നാഷ് വില്ലയില്‍ ക്രിസ്ത്യന്‍ സ്‌കൂളില്‍ നടന്ന കൂട്ട വെടിവെയ്പ്പില്‍ കുട്ടികളും മുതിര്‍ന്നവരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്. വെടിയേറ്റുള്ള മരണങ്ങള്‍ ദാരുണമാണെങ്കിലും ചില മരണങ്ങള്‍ തോക്ക് കൈവശം വെക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒഴിവാക്കാനാവാത്തതാണെന്ന് അദ്ദേഹം വാദിച്ചു. തോക്ക് കൈവശം വെക്കാന്‍ അനുവദിക്കുമ്പോള്‍ ഇത്തരം മരണങ്ങള്‍ സ്വാഭാവികമാണെന്നും അവ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് യാഥാര്‍ത്ഥ്യബോധത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം വാദിച്ചു.

ഇത്തരം കൊലപാതകങ്ങളെ വാഹന അപകട മരണങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇത്തരം മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും വെടിയേറ്റ് ചിലര്‍ മരിക്കുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. വലിയ വിമര്‍ശനമാണ് ഈ സംഭവത്തില്‍ കിര്‍ക്കിന് നേരെയുണ്ടായത്. മരണപ്പെടുന്നവരുടെ എണ്ണത്തെ കിര്‍ക്ക് നിസ്സാരമായി തള്ളികളയുന്നുവെന്നും പലരും ആരോപിച്ചു.

എന്നാല്‍, അദ്ദേഹത്തിന്റെ കൊലപാതകവും പരാമര്‍ശങ്ങളും തമ്മില്‍ ബന്ധം തോന്നുന്നുണ്ടെങ്കിലും ഇതുവരെ അത്തരമൊരു ബന്ധം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തോക്ക് കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്ന ഒരാള്‍ വെടിയേറ്റ് മരിക്കുന്നതില്‍ ഒരു അസ്വാഭാവികത തോന്നുന്നത് സ്വാഭാവികം ആണ്. ഇത്തരം അവകാശങ്ങൾ പിന്തുണയ്ക്കുന്നവരെ സംബന്ധിച്ച് പൊതുജീവിതം എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/

യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ്