Leading News Portal in Kerala

നരേന്ദ്ര മോദിയുടെ അമ്മയുടെ എഐ വീഡിയോ; കോൺഗ്രസിനെതിരെ ബിജെപി|BJP against Congress on PM Narendra Modi s mothers AI video | India


Last Updated:

കോൺഗ്രസ് വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയും പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുകയും ചെയ്തുവെന്ന് ബിജെപി

News18News18
News18

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മയെ ചിത്രീകരിച്ച് എഐ നിർമ്മിതമായ ഒരു വീഡിയോയെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ പുതിയ രാഷ്ട്രീയ പോര്. പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുന്ന തരത്തിൽ കോൺഗ്രസ് വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‌‍‍ വീഡിയോയെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് കോൺ​ഗ്രസ്. വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും, അതിൽ ആരും പ്രധാനമന്ത്രിയുടെ അമ്മയെ അനാദരിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

“കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അവർ (പ്രധാനമന്ത്രിയുടെ പരേതയായ അമ്മ ഹീരാബെൻ മോദി) തന്റെ കുട്ടിയെ പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് തന്നോട് അനാദരവാണെന്ന് കുട്ടി കരുതുന്നുവെങ്കിൽ, അത് അവന്റെ തലവേദയാണെന്നും,” ഖേര കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങളിൽ ഇനി സഹതാപമില്ലെന്നും, പ്രധാനമന്ത്രി മോദി രാഷ്ട്രീയത്തിലായതിനാൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ പ്രതിപക്ഷം നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് ഖേരയുടെ ഈ പരാമർശം. അതേസമയം പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിന് പശ്ചാത്താപം തോന്നുന്നതിനു പകരം കോൺഗ്രസ് ന്യായീകരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്സ് പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ചു. കോൺഗ്രസ് എല്ലാ പരിധികളും ലംഘിച്ചെന്നും, ഈ പാർട്ടി സ്ത്രീകളെ അപമാനിക്കുന്ന പാർട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ എഐ വീഡിയോ പരസ്യത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. വീഡിയോയിൽ ആരുടെയും പേര് പരാമർശിക്കാതെ, “സാഹബിന്റെ സ്വപ്നങ്ങളിൽ ‘അമ്മ’ പ്രത്യക്ഷപ്പെടുന്നു. രസകരമായ സംഭാഷണം കാണുക” എന്നൊരു അടിക്കുറിപ്പാണ് നൽകിയിരുന്നത്. പ്രധാനമന്ത്രി മോദിയോട് സാമ്യമുള്ള ഒരു കഥാപാത്രം “ഇന്നത്തെ ‘വോട്ട് ചോരി’ എനിക്ക് കഴിഞ്ഞു, ഇനി നമുക്ക് സുഖമായി ഉറങ്ങാം” എന്ന് പറയുന്നതായാണ് വീഡിയോയിലുള്ളത്.