Leading News Portal in Kerala

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം kerala state Cabinet approves draft bill on killing violent animals | Kerala


Last Updated:

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്

News18News18
News18

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ജനവാസമേഖലയിലിറങ്ങുന്ന ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടൻ തന്നെ ആ മൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത് .ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിൽ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സാധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതേസമം സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാല്‍ അക്കാര്യം ബന്ധപ്പെട്ട ജില്ലാ കലക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റ് നടപടി ക്രമങ്ങൾക്ക് കാത്തിരിക്കാതെ അദ്ദേഹത്തിന് ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉത്തരവിടുന്നതടക്കമുള്ള നടപടി സ്വീകരിക്കാം.പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം , മറ്റ് സ്ഥലങ്ങളിലേയ്ക്ക് നാടുകടത്തൽ എന്നിവ നടത്താം.ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്ക് വേണെമെങ്കിലും ഏതു വിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കാനും തടസമുണ്ടാകില്ല.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാർ നിവേദനങ്ങള്‍ വഴിയും നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കയില്ല. അതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കൊന്ന് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്