കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് Bengal leader Prasenjit Bose who left CPM for it’s support to Pranab Mukherjee of Congress joins Congress | India
Last Updated:
രാഷ്ട്രപതിയായി പ്രണബ് മുഖർജിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2012ലാണ് സിപിഎമ്മിൽ നിന്ന് രാജിവച്ചത്
പശ്ചിമ ബംഗാളിലെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ പ്രസേൻജിത് ബോസ് (51)കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ഒരുങ്ങുന്നു. ഇന്ത്യൻ രാഷ്ട്രപതിയായി പ്രണബ് മുഖർജിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2012ൽ സിപിഎമ്മിൽ നിന്ന് ബോസ് രാജിവച്ചിരുന്നു.
ഭരണഘടനയ്‌ക്കെതിരെ ഇപ്പോഴത്തെ സർക്കാർ ആക്രമണം നടത്തുകയാണ്. അതിനെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും നടത്തുന്നത്. അവർ ഭരണഘടന സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള തന്റെ തീരുമാനം സ്ഥിരീകരിച്ചുകൊണ്ട് ബോസ് ദി ഹിന്ദുവിനോട് പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ (NRC) സംസ്ഥാനത്ത് നിരവധി പ്രസ്ഥാനങ്ങൾക്ക് പ്രസേൻജിത് ബോസ് നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ എൻആർസിയെക്കെതിരായ കൊൽക്കത്തയിലെ സംയുക്ത ഫോറത്തിന്റെ കൺവീനറുമായിരുന്നു. പശ്ചിമ ബംഗാളിലെ ദിയോച്ച പച്ചാമി കൽക്കരി ഖനന പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ വിഷയം ബോസ് സജീവമായി ഏറ്റെടുത്തിട്ടുണ്ട്. ആദിവാസി അവകാശങ്ങളുടെ പ്രശ്നം ഉയർത്തിക്കാട്ടിയതിന് പശ്ചിമ ബംഗാൾ ഭരണകൂടത്തിൽ നിന്നും സമ്മർദവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കപ്പെടുന്നതിനായി സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നെ ചെറുക്കുക എന്നതാണ് ഈ നിമിഷത്തിൽ ജനങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബോസ് പറഞ്ഞു. ഒക്ടോബറിൽ പശ്ചിമ ബംഗാളിൽ ആരംഭിക്കാൻ സാധ്യതയുള്ള എസ്‌ഐആറിനെ കൈകാര്യം ചെയ്യുക എന്നതാണ് അടിയന്തര അജണ്ട. ബീഹാറിൽ എസ്‌ഐആറിനെതിരെ കോൺഗ്രസ് വലിയ പോരാട്ടം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് പോലുള്ള എല്ലാ പ്രസക്തമായ വിഷയങ്ങളും രാഹുൽ ഗാന്ധി ഉന്നയിക്കുന്നുണ്ടെന്നും കോൺഗ്രസുമായുള്ള ബന്ധം ജനങ്ങളുമായി പ്രവർത്തിക്കാൻ ഒരു വലിയ വേദി നൽകുമെന്നും ബോസ് പറഞ്ഞു.
New Delhi,Delhi
September 14, 2025 6:56 PM IST
