ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു Parents forgot to take kid as they rushed to another theatre after failing to get tickets from one | Kerala
Last Updated:
രണ്ടാമത്തെ തിയേറ്ററിൽ കയറിയ മാതാപിതാക്കൾ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞില്ല
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തിൽ മാതാപിതാക്കൾ കുട്ടിയെ തീയേറ്ററിൽ വച്ച് മറന്നു. ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടാമത്തെ തിയേറ്ററിൽ കയറിയ മാതാപിതാക്കൾ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞില്ല.
ചാവക്കാട് ഭാഗത്തുനിന്ന് ട്രാവലറിൽ സിനിമകാണാനെത്തയ സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് തീയേറ്ററിൽ വച്ച് മറന്നത്. സെക്കൻഡ് ഷോയ്ക്ക് ആദ്യം ദേവകി തിയേറ്ററിലെത്തിയ ഇവർ ടിക്കറ്റ് കിട്ടാതെ വന്നതോടെ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോയി. പോകുന്ന വെപ്രാളത്തിൽ കുട്ടി വണ്ടിയിലിണ്ടോ എന്ന് നോക്കാൻ മറന്നു.
ഒപ്പം ഉണ്ടായിരുന്നവരെ കാണാതായതോടെ തീയേറ്ററിന്റെ മുന്നിൽ നിന്ന് കുട്ടി കരയാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട തീയേറ്റർ ജീവനക്കാർ കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ് കൂടെയുള്ളവർ പോയ വിവരമറിയുന്നത്. ട്രാവലറിലാണ് ഒപ്പമുള്ളവർ വന്നതെന്ന് കുട്ടി പറഞ്ഞ് അറിഞ്ഞ ജീവനക്കാർ ഉടൻതന്നെ അപ്പാസ് തീയേറ്ററിൽ വിളിക്കുകയും വിവരം പറയുകയുമായിരുന്നു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായിരുന്നു.
തുടർന്ന് സിനിമ നിർത്തിവെച്ച് തിയേറ്ററുകാർ ട്രാവലറിൽ സിനിമ കാണാൻ വന്നിട്ടുള്ളവർ തങ്ങളെ ബന്ധപ്പെടണന്നും അവരുടെ ഒപ്പം വന്ന കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്ററിലുണ്ടെന്നു അനൌൺസ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ് കുട്ടിയ്ക്കൊപ്പമുണ്ടായിരുന്നവർ ആദ്യത്തെ തീയേറ്ററിലെത്തിയപ്പോഴേക്കും കുട്ടിയെ ജീവനക്കാർ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ വച്ചാണ് മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറിയത്.
Thrissur,Kerala
September 15, 2025 11:27 AM IST
