കാൽനടക്കാരനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയ എസ്എച്ച്ഒക്കെതിരെ നടപടിക്ക് ശുപാർശ| Action recommended against SHO who drove away car without stopping after hitting a pedestrian | Kerala
Last Updated:
പാറശ്ശാല എസ് എച്ച് ഒ അനിൽകുമാറിനെതിരെ ഇന്ന് സസ്പെൻഷൻ നടപടിയുണ്ടായേക്കും
തിരുവനന്തപുരം: എം സി റോഡിൽ കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ നിര്‍ത്താതെ പോയ പാറശ്ശാല എസ്എച്ച്ഒ പി അനില്‍കുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റൂറൽ എസ്പി കെ എസ് സുദർശൻ ഡിഐജിക്ക് റിപ്പോർട്ട് കൈമാറി. ഡിഐജി അജിതാ ബീഗം റിപ്പോർട്ട് പരിശോധിച്ചശേഷം ദക്ഷണിമേഖലാ ഐജി എസ് ശ്യാംസുന്ദറിന് ഇന്ന് കൈമാറും. ഇന്ന് സസ്പെൻഷൻ നടപടിയുണ്ടായേക്കും.
ബെംഗളൂരുവിൽ മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചുപോയ അനിൽകുമാർ ഇന്നലെ രാവിലെ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ് പി ഓഫീസിലോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റൂറൽ എസ് പി പറഞ്ഞു. ഇടിച്ച വാഹനം അനില്‍കുമാറിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അപകടമുണ്ടായ ശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കാതെ പോയതും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതിരുന്നതും ഗുരുതര കുറ്റമാണെന്ന് എസ് പി പറഞ്ഞു.
ഈ മാസം 7ന് പുലർച്ചെയായിരുന്നു സംഭവം. ചേണിക്കുഴി മേലേവിള കുന്നിൽ വീട്ടിൽ രാജനെ (59) യാണ് കാർ ഇടിച്ചത്. കൂലിപ്പണിക്കാരനായ രാജൻ രാവിലെ ചായ കുടിക്കാൻ പോയപ്പോഴാണ് അപകടം. ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ് ഒരു മണിക്കൂറോളം റോഡിൽ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു.
അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. കാർ ഓടിച്ചത് അനിൽകുമാറാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. നിലമേൽ കൈതോട് സ്വദേശിയാണ് അനില്‍കുമാർ.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 15, 2025 8:39 AM IST
