Leading News Portal in Kerala

മനുഷ്യനെ രണ്ടുവട്ടം കടിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്: യുപി സർക്കാർ ഉത്തരവ് | Life imprisonment for stray dogs who bite humans twice in Uttar Pradesh | India


Last Updated:

പേവിഷബാധയുള്ളതോ അക്രമാസക്തമായതോ ആയ നായകളെയൊഴികെ മറ്റ് നായകളെ വന്ധ്യംകരിച്ച് വാക്സിൻ നൽകി തിരികെ വിടാൻ നിർദേശിക്കുകയും ചെയ്തു

News18News18
News18

ലഖ്‌നൗ: അക്രമകാരികളായ തെരുവുനായകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പ്രകോപനമില്ലാതെ മനുഷ്യരെ കടിക്കുന്ന നായകളെ 10 ദിവസത്തേക്ക് മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കാനാണ് ഉത്തരവിൽ പറയുന്നത്. മനുഷ്യനെ രണ്ടുവട്ടം കടിക്കുന്ന തെരുവുനായകളെ ജീവിതാവസാനം വരെ തടവിലിടാനും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ദത്തെടുക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ ഈ നായകളെ ഇനി കൈമാറുകയുള്ളൂ.

സെപ്റ്റംബർ 10-ന് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാത് എല്ലാ ഗ്രാമീണ, നഗര തദ്ദേശ സ്ഥാപനങ്ങൾക്കും അയച്ച ഉത്തരവിലാണ് ഈ നിർദേശങ്ങൾ. തെരുവ് നായയുടെ കടിയേറ്റ് ഒരാൾ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ, സംഭവം അന്വേഷിച്ച് നായയെ അടുത്തുള്ള മൃഗ ജനന നിയന്ത്രണ കേന്ദ്രത്തിലേക്ക് മാറ്റും. അവിടെ വെച്ച് വന്ധ്യംകരണം നടത്തുകയും 10 ദിവസം നിരീക്ഷിക്കുകയും ചെയ്യും. അതിനുശേഷം നായയുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു മൈക്രോചിപ്പ് ശരീരത്തിൽ ഘടിപ്പിച്ച് തിരികെ വിടും. ഇത് നായയുടെ സ്ഥലം കണ്ടെത്താനും സഹായിക്കും.

ഒരേ നായ രണ്ടാമതും പ്രകോപനമില്ലാതെ കടിച്ചാൽ, അതിനെ ജീവിതാവസാനം വരെ കേന്ദ്രത്തിൽ പാർപ്പിക്കും. ഇത്തരം നായകളെ ദത്തെടുക്കുന്നവർ സത്യവാങ്മൂലം സമർപ്പിക്കണം. നായയെ പിന്നീട് തെരുവിൽ ഉപേക്ഷിക്കില്ലെന്ന് ഉറപ്പുനൽകണം. മൈക്രോചിപ്പ് വിവരങ്ങൾ രേഖപ്പെടുത്തിയതിനാൽ, നായയെ പിന്നീട് ഉപേക്ഷിച്ചാൽ ദത്തെടുത്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

ആക്രമണം പ്രകോപനമില്ലാതെയാണോ നടന്നതെന്ന് തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. ഒരു വെറ്ററിനറി ഡോക്ടർ, മൃഗങ്ങളുടെ സ്വഭാവം അറിയുന്ന ഒരു വിദഗ്ദ്ധൻ, ഒരു മുനിസിപ്പൽ പ്രതിനിധി എന്നിവർ അടങ്ങിയതാണ് ഈ സമിതി. കല്ലെറിയുകയോ ഉപദ്രവിക്കുകയോ ചെയ്തതിന് ശേഷം നായ കടിക്കുകയാണെങ്കിൽ അത് പ്രകോപനപരമായ ആക്രമണമായി കണക്കാക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഡൽഹിയിൽ തെരുവ് നായകളെ പിടികൂടി എട്ട് ആഴ്ചയ്ക്കുള്ളിൽ ഷെൽട്ടർ ഹോമുകളിലാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിന് ഒരു മാസത്തിന് ശേഷമാണ് യുപി സർക്കാരിന്റെ ഈ നടപടി. പിന്നീട്, സുപ്രീം കോടതി ഈ ഉത്തരവ് ഭേദഗതി ചെയ്യുകയും, പേവിഷബാധയുള്ളതോ അക്രമാസക്തമായതോ ആയ നായകളെയൊഴികെ മറ്റ് നായകളെ വന്ധ്യംകരിച്ച് വാക്സിൻ നൽകി തിരികെ വിടാൻ നിർദേശിക്കുകയും ചെയ്തു.