Leading News Portal in Kerala

ക്രിമിനൽ കേസുകളിൽ പെട്ട വിദ്യാർഥികൾക്ക് ഇനി കേരള സർവകലാശാലയിൽ പ്രവേശനമില്ല|Kerala University bans admission of students with criminal cases | Kerala


Last Updated:

ഇനിമുതൽ ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്ന് ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് വാങ്ങിയ ശേഷം മാത്രമാവും കോളേജുകളിൽ പ്രവേശനം ലഭിക്കുക

News18News18
News18

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കും, പരീക്ഷാ ക്രമക്കേടുകൾ മൂലം ഡീബാർ ചെയ്യപ്പെട്ടവർക്കും കോളേജുകളിൽ പ്രവേശനം നിഷേധിക്കാൻ കേരള സർവകലാശാല പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ സംഘടനാപരമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കോഴ്‌സുകളിൽ പുനഃപ്രവേശനം നേടുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർവകലാശാലയുടെ ഈ സുപ്രധാന തീരുമാനം. വാട്‌സ്ആപ്പ് വഴി കോപ്പിയടിച്ചതിനെത്തുടർന്ന് മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട ഒരു വിദ്യാർഥി മറ്റൊരു വിഷയത്തിൽ പുനഃപ്രവേശനം നേടിയത് സർവകലാശാല അടുത്തിടെ റദ്ദാക്കിയിരുന്നു.

ഇനിമുതൽ, പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്നും ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് വാങ്ങിയ ശേഷം മാത്രമേ കോളേജുകളിൽ പ്രവേശനം ലഭിക്കുകയുള്ളൂ. ഈ സത്യവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാൽ പ്രവേശനം റദ്ദാക്കാൻ പ്രിൻസിപ്പലിന് അധികാരമുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോളേജ് കൗൺസിലിനാണ് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. വിദ്യാർഥികൾക്ക് പരാതിയുണ്ടെങ്കിൽ സർവകലാശാലയെ സമീപിക്കാവുന്നതാണ്.

വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിന്റേതാണ് തീരുമാനം. കോളേജ് പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി യു.ജി.സി. പിൻവലിച്ച സാഹചര്യം മുതലെടുത്താണ് പഠനം നിർത്തിയ പലരും വിവിധ കോഴ്‌സുകളിൽ പുതിയ കോളേജുകളിൽ ചേർന്നുതുടങ്ങിയതെന്നും സർവകലാശാല വിലയിരുത്തി.