Leading News Portal in Kerala

‘പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ Public cannot delete votes online Election Commission rejects Rahul Gandhis allegations | India


Last Updated:

ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും വോട്ടുകള്‍ ആര്‍ക്കും ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍

News18News18
News18

വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും വോട്ടുകള്‍ ആര്‍ക്കും ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വോട്ടർമാരെ കേള്‍ക്കാതെ ഒരു വോട്ടും ഓണ്‍ലൈനായി നീക്കം ചെയ്യാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ട് നീക്കം ചെയ്യാന്‍ ശ്രമം നടന്നതായുള്ള വിവാദത്തെ അഭിസംബോധന ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയിറക്കിയത്. കമ്മീഷന്‍ തന്നെയാണ് ഈ സംഭവം ചൂണ്ടിക്കാണിച്ചതെന്നും ഇസിഐ പറഞ്ഞു.

“2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടുകള്‍ നീക്കം ചെയ്യാന്‍ വിഫലശ്രമങ്ങള്‍ നടന്നു. ഇക്കാര്യം അന്വേഷിക്കാന്‍ ഇസിഐ അധികാരി തന്നെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു”, കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. രേഖകള്‍ പ്രകാരം 2018-ല്‍ ബിജെപിയുടെ സുഭാദ് ഗുട്ടേദാറും 2023-ല്‍ കോണ്‍ഗ്രസിന്റെ ബിആര്‍ പാട്ടീലുമാണ് അലന്ദ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതെന്നും പ്രസ്താവനയില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചുള്ള വസ്തുതാ പരിശോധനാ റിപ്പോര്‍ട്ടും കമ്മീഷന്‍ പുറത്തറിക്കി.

അലന്ദില്‍ 6018 വോട്ടുകള്‍ നീക്കം ചെയ്തതായാണ് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടത്. വോട്ടുകള്‍ നീക്കം ചെയ്യാന്‍ കോള്‍ സെന്റര്‍ രീതിയിലുള്ള പ്രവര്‍ത്തനരീതി ഉപയോഗിച്ചതായും കര്‍ണാടകയ്ക്ക് പുറത്തുനിന്നുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഇതിനായുള്ള ഇ-ഫയലിംഗ് നടന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ രജുര മണ്ഡലത്തിന്റെ ഉദാഹരണവും അദ്ദേഹം ഉദ്ധരിച്ചു. അവിടെ ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യാജമായി വോട്ടര്‍മാരെ ചേര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ അപേക്ഷ പൂരിപ്പിച്ചുകൊണ്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാനാകില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ലക്ഷ്യംവെച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ കമ്മീഷന്‍ പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം ആറ് മാസം മുമ്പാണ് ചുമതലയേറ്റതെന്നും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത വോട്ട് ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയാകാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി ശക്തമായി തിരിച്ചടിച്ചു. ഒരു പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിന്റെ വോട്ട് മോഷണ ആരോപണങ്ങളെ ബിജെപി എംപി അനുരാഗ് താക്കൂര്‍ നിഷേധിച്ചു. അദ്ദേഹത്തിന്റെ നിരാശ ഓരോ ദിവസവും കൂടുകയാണെന്നും ആരോപണങ്ങളുടെ രാഷ്ട്രീയം രാഹുല്‍ അലങ്കാരമാക്കിയിരിക്കുകയാണെന്നും താക്കൂര്‍ വിമര്‍ശിച്ചു. ഇതൊരു ശീലമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. അപ്പോള്‍ വോട്ടുകള്‍ മോഷ്ടിച്ചാണോ ഈ വിജയം സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി വോട്ട് മോഷണം നടന്നതായി പറയുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്ന് അദ്ദേഹവും ചൂണ്ടിക്കാട്ടി.

എംപിമാരായ രവിശങ്കര്‍ പ്രസാദ്, ജഗദാംബിക പാല്‍ എന്നിവരും രാഹുലിനെ വിമര്‍ശിച്ചു. ഹൈഡ്രജന്‍ ബോംബുകള്‍ പൊട്ടിക്കുമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഒരു പത്രസമ്മേളനം വിളിച്ച് രാജ്യത്തെ മുഴുവന്‍ ആശയക്കുഴപ്പത്തിലാക്കിയെന്ന് ജഗദാംബിക പാല്‍ പറഞ്ഞു

അതേസമയം, കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ചു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം കാണണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍