Leading News Portal in Kerala

ഉറക്കത്തിൽ പാമ്പുകടിയേറ്റത് തിരിച്ചറിയാൻ വൈകി; ആറു വയസ്സുകാരി മരിച്ചു|Six-year-old girl dies after being bitten by a snake while sleeping | Kerala


Last Updated:

ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക വയറുവേദനിക്കുന്നതായി വീട്ടുകാരോട് പറഞ്ഞു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാടാനപ്പള്ളി (തൃശൂർ): മുത്തച്ഛന്റെ കൂടെ വീട്ടിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുക്കന്ദന്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. തളിക്കുളം സിഎംഎസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക. തളിക്കുളം പുളിയംതുരുത്തിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.

ചൊവ്വാഴ്ച രാത്രി പാമ്പുകടിയേറ്റെന്നാണ് നിഗമനം. ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക വയറുവേദനിക്കുന്നതായും വീട്ടുകാരോട് പറഞ്ഞു. ഉടൻതന്നെ വീട്ടുകാർ അനാമികയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. വയറുവേദനയ്ക്ക് മരുന്നും കാലിൽ പുരട്ടാനുള്ള മരുന്നും നൽകി. ആശുപത്രിയിൽ കുറച്ചുനേരം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങി.

ബുധനാഴ്ച രാവിലെയോടെ അനാമികയുടെ കാലിൽ നീരുവെക്കുകയും കാഴ്ച മങ്ങുകയും ചെയ്തു. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. രക്തപരിശോധനയിലാണ് പാമ്പിൻ വിഷം രക്തത്തിൽ കലർന്നതായി കണ്ടെത്തിയത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി അനാമിക മരിച്ചു. സഹോദരിയും സഹോദരനുമുണ്ട്. ഇവരുടെ വാടകവീടിന് സമീപം കണ്ടെത്തിയ അണലിയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. വീടിന് സമീപം ചതുപ്പ് പ്രദേശമാണ്. മൃതദേഹം സംസ്കരിച്ചു.