പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു Canada Australia and UK officially recognized the State of Palestine | World
Last Updated:
ഈ ആഴ്ച യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനം
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് കാനഡയും ഓസ്ട്രേലിയയും യുകെയും. ഈ ആഴ്ച യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനം.യുഎൻ പൊതുസഭയിൽ ഫ്രാൻസ് പോലുള്ള രാജ്യങ്ങളും പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.പലസ്തീന്റെ ഭാവിയിൽ ഹമാസിന് ഒരു പങ്കും ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എല്ലാ ബന്ദികളെയും ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
“സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കുന്നതിനായി, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംഗ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു,” കെയർ സ്റ്റാർമർ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഇസ്രായേലും അമേരിക്കയും തീരുമാനത്തെ വിമർശിച്ചു.അമേരിക്കയുടെ എതിർപ്പ് വകവയ്ക്കാതെ, കാനഡയും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. സമാധാനപരമായ സഹവർത്തിത്വവും ഹമാസിന്റെ അന്ത്യവും ആഗ്രഹിക്കുന്നവരാണ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതെന്നും ഇസ്രായേൽ രാഷ്ട്രത്തിനും അതിന്റെ ജനങ്ങൾക്കും അവരുടെ സുരക്ഷയ്ക്കും കാനഡ നൽകുന്ന ഉറച്ച പിന്തുണയെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തിനായി പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ന്യൂയോർക്കിൽ എത്തിയപ്പോഴായിരുന്നു ഓസ്‌ട്രേലിയയുടെ പ്രഖ്യാപനം.
New Delhi,Delhi
September 21, 2025 9:53 PM IST
