160ലധികം കേസുകളില്‍ പ്രതികള്‍; ഒറ്റരാത്രിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍| Notorious Burglars with Over 160 Cases Arrested for Robbing Four Temples in a Single Night | Crime
Last Updated:
ഒറ്റ രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്
തിരുവനന്തപുരം: കേരളത്തില്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കോട്ടയം പൂവരണി കൊല്ലക്കാട് വീട്ടിൽ ജോസഫ് കെ. ജെ എന്ന പൂവരണി ജോയി (57), അടൂർ പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരൻ(48) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 18 ന് വിവിധ ക്ഷേത്രങ്ങളില്‍ നടത്തിയ മോഷണത്തിലാണ് ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. പൂവരണി ജോയി സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 160 പരം കേസുകളില്‍ പ്രതിയാണ്. തുളസീധരൻ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 30 ൽ പരം കേസുകളിൽ പ്രതിയാണ്.
ഒരു രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 18 ന് രാത്രി പാച്ചുവിളാകം ദേവീക്ഷേത്രത്തിയായിരുന്നു ആദ്യ മോഷണം. ഇതില്‍ സ്വര്‍ണ പൊട്ടുകളും വളകളും താലിയും കവര്‍ന്നു. ഇവിടെ നിന്നും സിസിടിവി കാമറയുടെ ഡിവിഡിയാണെന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇന്‍വര്‍ട്ടറും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അന്നുതന്നെ ഇരുവരും വേറ്റൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3500 രൂപ കവര്‍ന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് പാറയില്‍ ആയിരവല്ലി ക്ഷേത്രത്തിലെത്തിയ പ്രതികള്‍ കാണിക്ക വഞ്ചി തകര്‍ത്തു. ശേഷം കാരേറ്റ് ശിവക്ഷേത്രത്തില്‍ നിന്നും 12000 രൂപ കവര്‍ന്നു.
മോഷണ കേസുകളില്‍ ജയിലിലായിരുന്ന ഇരുവരും കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ജയിലില്‍ വച്ച് പരിചയപ്പെട്ട ഇവര്‍ കിളിമാനൂര്‍ വെഞ്ഞാറമൂട് പ്രദേശങ്ങളില്‍ മോഷണം നടത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി പ്രതികള്‍ കിളിമാനൂരില്‍ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ച് ഇന്‍സ്പെക്ടര്‍ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 22, 2025 8:41 PM IST
160ലധികം കേസുകളില്‍ പ്രതികള്‍; ഒറ്റരാത്രിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
