ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ ദുൽഖറിന്റെ 2 വാഹനങ്ങൾ പിടിച്ചെടുത്തു| Customs seize ctor Dulquer Salmaans two luxury cars in Kerala over alleged tax evasion linked to Bhutan | Kerala
Last Updated:
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ നടൻ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്കി.
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങിയിരുന്നു. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസിന്റെ ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഓപ്പറേഷന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കസ്റ്റംസ് കമ്മീഷണര്‍ വൈകുന്നേരം മാധ്യമങ്ങളെ കാണും.
മലയാള സിനിമാ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധിപേർ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപുറമെയാണ് കോഴിക്കോട്, മലപ്പുറം, തിരുവനന്തുപുരം തുടങ്ങിയ ജില്ലകളിലും ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി പരിശോധന നടക്കുന്നുണ്ട്.
ഭൂട്ടാനിൽ നിന്നും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Kochi [Cochin],Ernakulam,Kerala
September 23, 2025 2:34 PM IST
