രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ചൂലെടുത്ത് BJP; വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീപ്രതിമകൾ എടുത്തുമാറ്റണമെന്ന് DYFI| DYFI and BJP Protest Against Rahul Mamkootathil MLA in Palakkad | Kerala
Last Updated:
‘വാട്സാപ്പിൽ, ഇൻസ്റ്റഗ്രാമിൽ, ടെലഗ്രാമിൽ, 12 മണിക്കുശേഷം ഗൂഗിൾ പേയിൽ എന്തെങ്കിലും മെസേജ് വന്നാൽ ആരും റിപ്ലേ കൊടുക്കരുത്’
പാലക്കാട്: 38 ദിവസത്തിനുശേഷം സ്വന്തം മണ്ഡലത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും. പാത്തും പതുങ്ങിയും അല്ല ജനപ്രതിനിധി പാലക്കാട് എത്തേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. ഔദ്യോഗിക പരുപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ല. വ്യക്തിപരമായ പരുപാടികള്‍ പങ്കെടുക്കുന്നതില്‍ പ്രശ്നമില്ല. എംഎല്‍എ ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കോഴിയുടെ ചിത്രമുള്ള ബാനറുകളും ചൂലും ഏന്തിയായിരുന്നു പ്രതിഷേധം.
പാലക്കാട് എംഎൽഎ ദിവസങ്ങൾക്ക് ശേഷം മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.. ഏവരും സൂക്ഷിക്കുക.., വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ പ്രതിമകൾ എടുത്തുമാറ്റുക, വാട്സാപ്പിൽ, ഇൻസ്റ്റഗ്രാമിൽ, ടെലഗ്രാമിൽ, 12 മണിക്കുശേഷം ഗൂഗിൾ പേയിൽ എന്തെങ്കിലും മെസേജ് വന്നാൽ ആരും റിപ്ലേ കൊടുക്കരുത് എന്നിങ്ങനെ വിളംബരം ചെയ്തായിരുന്നു പാലക്കാട് നഗരത്തിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, പ്രസിഡന്റ് ആർ ജയദേവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ 38 ദിവസത്തിനുശേഷമാണ് സ്വന്തം മണ്ഡലത്തിലെത്തിയത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയാണ് രാഹുലിന്റെ വാഹനമോടിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭും രാഹുലിനൊപ്പമുണ്ടായിരുന്നു.
അന്തരിച്ച കെപിസിസി സെക്രട്ടറി പി ജെ പൗലോസിന്റെ വീട്ടില്‍ രാഹുൽ എത്തി. ഇവിടെ വച്ച് ബെന്നി ബെഹനാൻ, വി കെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കണ്ട് രാഹുൽ കണ്ടു. ബെന്നി ബെഹനാൻ രാഹുലിനെ ചേർത്തുനിര്‍ത്തിയപ്പോൾ ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കൈ കൊടുത്തു. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് രാഹുലുമായി ദീർഘസംഭാഷണം നടത്തി.
Palakkad,Palakkad,Kerala
September 24, 2025 2:56 PM IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ചൂലെടുത്ത് BJP; വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീപ്രതിമകൾ എടുത്തുമാറ്റണമെന്ന് DYFI
