Leading News Portal in Kerala

ഡോക്ടറാകണ്ട; നീറ്റ് പരീക്ഷയില്‍ 99.99 നേടിയ19-കാരന്‍ പ്രവേശന ദിവസം ജീവനൊടുക്കി | 19-year-old dies on day of MBBS admission | India


Last Updated:

എംബിബിഎസ് പഠനം ആരംഭിക്കാന്‍ അനുരാഗ് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോകാനിരിക്കുകയായിരുന്നു

News18News18
News18

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനിരിക്കെ 19-കാരന്‍ ജീവനൊടുക്കി. നീറ്റ് പരീക്ഷയില്‍ 99.99 പെര്‍സെന്റൈല്‍ നേടിയ അനുരാഗ് അനില്‍ ബോര്‍കര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ നവാര്‍ഗാവില്‍ സിന്ധേവാഹി താലൂക്കില്‍ നിന്നുള്ള അനുരാഗ് പ്രവേശന ദിവസം സര്‍വകലാശാലയിലേക്ക് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്.

നീറ്റ് പരീക്ഷയിലെ അസാധാരണ വിജയത്തോടെ ഒബിസി വിഭാഗത്തില്‍ അഖിലേന്ത്യാ തലത്തില്‍ 1475-ാം റാങ്ക് ആണ് അനുരാഗ് നേടിയത്. എംബിബിഎസ് പഠനം ആരംഭിക്കാന്‍ അനുരാഗ് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോകാനിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മകന്റെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു മാതാപിതാക്കള്‍.

കുടുംബ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉന്നതവിദ്യാഭ്യാസത്തിനുള്ള യാത്ര ആരംഭിക്കുന്നതിനു മുമ്പാണ് ദുരന്തം ഉണ്ടായത്. സംഭവസ്ഥലത്തുനിന്നും ഒരു മരണക്കുറിപ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിലെ പൂര്‍ണ്ണ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, അനുരാഗ് ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കുറിപ്പില്‍ പറഞ്ഞതായി ചില പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പുറത്തെ നേട്ടത്തിനും മനസിലെ ആഗ്രഹത്തിനും ഇടയിലുള്ള അന്തരവും സംഘര്‍ഷവുമാണ് ഈ സംഭവം കാണിക്കുന്നതെന്നും എൻഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ നവാര്‍ഗാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശോഭനമായ ഭാവി ഉറപ്പുള്ള ഒരു വിദ്യാര്‍ത്ഥി ആയിട്ടാണ് അനുരാഗിനെ എല്ലാവരും കണ്ടിരുന്നത്. ഇന്ത്യയിലുടനീളമുള്ള ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്വപ്‌നമാണ് ഒരു മെഡിക്കല്‍ കോളേജില്‍ അഭിമാനകരമായ സീറ്റ് നേടുകയെന്നത്. എന്നാല്‍ അത് നേടിയിട്ടും പ്രവേശനം നേടാതെ അനുരാഗ് സ്വയം ജീവനൊടുക്കി.