‘മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ചതാണ്, അതില്‍ വിഷമമുണ്ട്’: ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്| Clenched Fist Chant Was Unintentional Travancore Devaswom Board President P S Prasanth on Ayyappa Sangamam Incident | Kerala
Last Updated:
തന്നെ ട്രോളുന്നവർ അയ്യപ്പന്റെ പേരിൽ കലാപം ഉണ്ടാക്കിയവരാണ്. ബദൽസംഗമത്തിൽ ഉണ്ടായത് അരുതാത്ത നടപടിയാണെന്നും ഉദ്ഘാടകൻ ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കെതിരെ അധിക്ഷേപമാണ് നടത്തിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ചതാണെന്നും അതിൽ വിഷമമുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ആ ദൃശ്യം കാണുമ്പോള്‍ വിഷമമുണ്ട്. സംഗമത്തിന്റെ ഉദ്ഘാടനസമ്മേളനത്തിന് ഉണ്ടായിരുന്നത്ര ആളുകള്‍ മറ്റു സെഷനുകളില്‍ ഉണ്ടായിരുന്നില്ല. ഇതു സ്വാഭാവികം മാത്രമാണെന്നും പ്രശാന്ത് പറഞ്ഞു.
എൻഎസ്എസിന് സർക്കാരിൽ വിശ്വാസം ഉണ്ടെന്ന് പറഞ്ഞത് ആഗോള അയ്യപ്പസംഗമം കൊണ്ടല്ലെന്നും നിരവധിയായ അനുഭവങ്ങളിൽ നിന്നുണ്ടായതാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1252 ക്ഷേത്രങ്ങൾ ഉണ്ട്. ശബരിമലയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം 600 കോടിയാണ്. മറ്റു ക്ഷേത്രങ്ങൾ ഈ വരുമാനത്തിൽ നിന്നാണ് നിലനിന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ട്രോളുന്നവർ അയ്യപ്പന്റെ പേരിൽ കലാപം ഉണ്ടാക്കിയവരാണ്. ബദൽസംഗമത്തിൽ ഉണ്ടായത് അരുതാത്ത നടപടിയാണെന്നും ഉദ്ഘാടകൻ ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കെതിരെ അധിക്ഷേപമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി രൂപീകരിച്ച 18 അംഗ കമ്മിറ്റിയിൽ ദേവസ്വം ബോർഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥർ ഉണ്ടാകും. പരിസ്ഥിതി മേഖലയിലെ അടക്കം വിദഗ്ധരും കമ്മിറ്റിയിൽ ഉണ്ടാകും. നിലവിലുള്ള ഇൻഫ്രാ സ്ട്രക്ചർ കമ്മിറ്റിക്ക് പകരമായിട്ടായിരിക്കും പുതിയ കമ്മിറ്റി നിലവിൽ വരുന്നത്. അയ്യപ്പസംഗമത്തിന് അഞ്ച് കോടിയിൽ താഴെയാകും ചെലവ് വരുന്നതെന്നും ബാങ്കുകൾ, വ്യക്തികൾ തുടങ്ങി എല്ലാവരും സഹായം നൽകിയിരുന്നു. ഇതിന്റെ കൃത്യമായ കണക്കുകൾ ഉടൻ തയ്യാറാക്കി കോടതിക്ക് നൽകുമെന്നും പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 25, 2025 8:46 PM IST
‘മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ചതാണ്, അതില്‍ വിഷമമുണ്ട്’: ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
