Leading News Portal in Kerala

മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍ Donald Trumps 100 percent tariff on drugs may not affect Indian pharma exports say industry experts | World


ഫാര്‍മ കമ്പനി അമേരിക്കയില്‍ തങ്ങളുടെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍ മരുന്നുകളുടെ ഇറക്കുമതി ഒക്ടോബര്‍ ഒന്നുമുതല്‍ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രസിഡന്റ് ഇക്കാര്യം പങ്കുവെച്ചത്. യുഎസ് ആസ്ഥാനമായി ഇതിനോടകം മരുന്ന് നിര്‍മ്മാണം ആരംഭിച്ച കമ്പനികളെ ഇതില്‍ നിന്ന് ഒഴിവാക്കുന്നതായും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.

എന്നാല്‍ ഈ നടപടി ഇന്ത്യയുടെ 25 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഫാര്‍മ കയറ്റുമതിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വ്യവസായ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

യുഎസിലേക്ക് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ട്രംപിന്റെ തീരുവ പ്രഖ്യാപനം അതുകൊണ്ടുതന്നെ രാജ്യത്തെ സംബന്ധിച്ച് വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. എന്നാല്‍ ഉടനടിയുള്ള ആഘാതം പരിമിതമായിരിക്കാമെന്നാണ് വ്യവസായിക മേഖലയിലുള്ളവര്‍ പറയുന്നത്.

യുഎസിലേക്ക് അയക്കുന്ന പേറ്റന്റ് ഉള്ളതും  ബ്രാന്‍ഡഡ് ആയിട്ടുള്ളതുമായ മരുന്നുകള്‍ക്കാണ് തീരുവ വരുന്നത്. ഇത് ജനറിക് മരുന്നുകള്‍ക്ക് ബാധകമല്ലെന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് (ഐപിഎ) സെക്രട്ടറി ജനറല്‍ സുദര്‍ശന്‍ ജെയിന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും പ്രധാനമായും യുഎസിലേക്ക് കയറ്റി അയക്കുന്ന ജനറിക് മരുന്നുകള്‍ക്ക് തീരുവ ബാധകമാകില്ലെന്നാണ് ട്രംപിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നതെന്ന് മറ്റൊരു വ്യവസായ വിദഗ്ദ്ധന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ജനറിക് മരുന്നുകളെ കൂടി തീരുവയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഇന്ത്യയുടെ ഫാര്‍മ കയറ്റുമതിക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കയറ്റുമതിക്ക് പരിമിതമായ ആഘാതം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് പറയാന്‍ മറ്റൊരു കാരണം കൂടി വ്യവസായ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ മിക്ക വന്‍കിട ഫാര്‍മ കയറ്റുമതിക്കാര്‍ക്കും യുഎസില്‍ കുറഞ്ഞത് ഒരു മരുന്നു നിര്‍മ്മാണ പ്ലാന്റെങ്കിലും ഉണ്ട്. ഇത്തരം കമ്പനികളെയും തീരുവ ബാധിച്ചേക്കില്ല. അതേസമയം ചില വന്‍കിട കമ്പനികള്‍ യുഎസില്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നശേഷം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും വ്യാവസായിക വിദഗ്ദ്ധര്‍ വ്യക്തമാക്കി.

100 ശതമാനം തീരുവ ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകള്‍ക്ക് മാത്രമായതിനാല്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒ നിക്കില്‍ കെ മസുര്‍ക്കര്‍ പറഞ്ഞു. യുഎസിലേക്ക് താങ്ങാവുന്ന വിലയില്‍ ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിലാണ് ഇന്ത്യയുടെ ശക്തി. ഈ വിഭാഗത്തെ തീരുവയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ വലിയ ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, പേറ്റന്റ് ചെയ്തതും ബ്രാന്‍ഡഡ് ചെയ്തതുമായ മരുന്നുകളുടെ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുകെയും യൂറോപ്യന്‍ യൂണിയനും ട്രംപ് തീരുവയില്‍ വളരെ വലിയ പ്രത്യാഘാതം അനുഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം തീരുവകള്‍ യുഎസില്‍ പേറ്റന്റ് ചെയ്തതും ബ്രാന്‍ഡഡ് ചെയ്തതുമായ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുകയും രോഗികളുടെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെയും ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

യുഎസ് ബ്രാന്‍ഡ് വിപണിയില്‍ ഇന്ത്യന്‍ ഫാര്‍മ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ സാന്നിധ്യമേയുള്ളൂ. ബ്രാന്‍ഡഡ്/പേറ്റന്റ് ചെയ്ത ഉത്പന്നങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിയുടെ 1 മുതല്‍ 3 ശതമാനം വരെ ആകുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ പറയുന്നു.

ആഗോള മരുന്ന് വിതരണ ശൃംഖലയിലുള്ള ഇന്ത്യയുടെ പങ്കിനെ കുറിച്ച് ഫാംഎക്‌സില്‍ ചെയര്‍മാന്‍ നമിത് ജോഷിയും അഭിപ്രായം പങ്കുവെച്ചു. വില കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ മരുന്നുകളുടെ ആഗോള വിതരണത്തില്‍ വളരെക്കാലമായി ഇന്ത്യ നേതൃസ്ഥാനം വഹിക്കുന്നു. പ്രത്യേകിച്ചും ജനറിക് മരുന്ന് വിതരണത്തില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നു.

യുഎസിലെ ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യകതയില്‍ ഏകദേശം 47 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. ആഗോള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ജീവന്‍ രക്ഷാ ഓങ്കോളജി മരുന്നുകളും ആന്റിബയോട്ടിക്കുകളും മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ളവ വരെയുള്ള അവശ്യ മരുന്നുകളുടെ താങ്ങാനാവുന്ന വിലയും ലഭ്യതയും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉറപ്പാക്കുന്നുണ്ടെന്നും വ്യവസായ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ നിലവില്‍ ജനറിക് മരുന്നുകളെ തീരുവയില്‍ നിന്ന് ഒഴിവാക്കുമെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന നയമാറ്റങ്ങള്‍ക്ക് വേണ്ടി തയ്യാറായിരിക്കേണ്ടതുണ്ട്. ഇത്തരം നടപടികളുടെ അപകട സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് വിവേകപൂര്‍ണ്ണമായിരിക്കുമെന്നും നമിത് ജോഷി പറഞ്ഞു.

സണ്‍ഫാര്‍മ, ഗ്ലെന്‍മാര്‍ക്ക്, ലുപിന്‍, സിഡസ് എന്നിവയുള്‍പ്പെടെയുള്ള ഫാര്‍മ കമ്പനികള്‍ അമേരിക്കയില്‍ പ്രവര്‍ത്തനം നിലനിര്‍ത്തുന്നുണ്ട്. സണ്‍ഫാര്‍മയ്ക്ക് യുഎസില്‍ എപിഐ (ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രെഡിയന്റ്) മാനുഫാക്ചറിംഗ് ഉണ്ട്. ഗ്ലെന്‍മാര്‍ക്ക് ഓറല്‍ സോളിഡുകളിലും ഇന്‍ജക്റ്റബിളുകളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറീസിനു ലൂസിയാന, ന്യൂയോര്‍ക്ക്, ടെന്നസി എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി പ്ലാന്റുകളുണ്ട്. സിപ്ല, ഓറോബിന്‍ഡോ എന്നിവ അടക്കമുള്ള കമ്പനികളും യുഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/

മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍