സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു | Six youths died in state in three road accidents within five hours | Kerala
Last Updated:
കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടം നടന്നത്
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മണിക്കൂറിനിടെയുണ്ടായ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾക്ക് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി എട്ടു മണിയ്ക്കും പുലർച്ചെ ഒരു മണിയ്ക്കും ഇടയിൽ നടന്ന അപകടങ്ങളിലാണ് ആറു പേർ മരിച്ചത്. കോട്ടയം,കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടം നടന്നത്.
കോട്ടയം തലയോലപ്പറമ്പിണ്ടായ അപകടത്തിൽ മുർത്താസ് അലി റഷീദ് (കരിപ്പാടം സ്വദേശി), റിദ്ദിക്ക് (വൈക്കം സ്വദേശി) എന്നിവർ മരിച്ചു. എറണാകുളം-കോട്ടയം റോഡിൽ രാത്രി 12 മണിയോടെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് തോട്ടുമുക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞ് സൂരജ് (ചൂളാട്ടിപ്പാറ പുന്നത്തു ചെറുകാംപുറത്ത്), മുഹമ്മദ് ഷാനിദ് (ചൂളാട്ടിപ്പാറ കരിക്കാടംപൊയിൽ) എന്നിവരാണ് മരിച്ചത്. കക്കാടംപൊയിലിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്ക് പറമ്പിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. രാത്രി എട്ടു മണിയ്ക്ക് ശേഷമായിരുന്നു അപകടം. ഇരുവരെയും ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം തിരൂരങ്ങാടിക്കടുത്ത് തലപ്പാറ ദേശീയപാതയിൽ ഇന്നലെ രാത്രി 8.30-നാണ് മറ്റൊരു അപകടം സംഭവിച്ചത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് ഉസ്മാൻ (വൈലത്തൂർ സ്വദേശി), ശാഹുൽ ഹമീദ് (വള്ളിക്കുന്ന് സ്വദേശി) എന്നിവർ മരിച്ചത്. കൊളപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഈ അപകടത്തിൽ പുത്തൻതെരു സ്വദേശി അബ്ബാസ്, വേങ്ങര സ്വദേശി ഫഹദ്, താനൂർ സ്വദേശി സർജാസ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
Thiruvananthapuram,Kerala
September 27, 2025 9:24 AM IST
