Leading News Portal in Kerala

കെഎസ്ഇബി ഓഫീസിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് താഴെ വീണ് പരിക്ക് | Contract worker falls and is injured while climbing to fix a leak in the KSEB office | Kerala


Last Updated:

വെള്ളിയാഴ്ചത്തെ ശക്തമായ മഴയിൽ ഓഫീസിനുള്ളിൽ വെള്ളം നിറഞ്ഞിരുന്നു

News18News18
News18

കോട്ടയം: കെഎസ്ഇബി ഓഫീസിന്റെ ചോർച്ച പരിഹരിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് കരാർ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കുറുപ്പന്തറ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ഓഫീസിലെ തൊഴിലാളിയായ വെള്ളൂർ സ്വദേശി കെ.കെ. കുഞ്ഞുമോനാണ് (45) അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. സീലിങ്ങിന് മുകളിലുള്ള ഷീറ്റിട്ട മേൽക്കൂരയിൽ നിന്ന് മഴവെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ഏണിയിൽ കയറി സീലിങ് മാറ്റുന്നതിനിടെ കുഞ്ഞുമോൻ തെന്നി താഴെ വീഴുകയായിരുന്നു. തലയ്ക്കും മുഖത്തിനും കൈക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻതന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാളുകളായി കെട്ടിടത്തിൻ്റെ മേൽക്കൂര ചോർന്ന് ഒലിക്കുന്ന അവസ്ഥയിലാണ്. വെള്ളിയാഴ്ചത്തെ ശക്തമായ മഴയിൽ ഓഫീസിനുള്ളിൽ വെള്ളം നിറഞ്ഞു. കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനായി മാഞ്ഞൂർ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. നിർമാണം തുടങ്ങാൻ ഇരിക്കെയാണ് ഈ അപകടം സംഭവിച്ചത്.