വീട്ടിലേക്കുള്ള അവസാന കിലോമീറ്ററിൽ ദുരന്തം: ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു; 6 പേർക്ക് പരിക്ക് | One person died after car carrying a seven-member family met with an accident in Malappuram | Kerala
Last Updated:
പരിക്കേറ്റ താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്സിങ്ങിന് പഠിക്കുന്നതിനോടനുബന്ധിച്ചാണ് കുടുംബം യാത്ര പോയത്
മലപ്പുറം: പേരക്കുട്ടിയെ നഴ്സിങ് കോളേജിൽ ആക്കി മൈസൂരുവിൽ നിന്ന് മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ കൂരാട് ചെല്ലക്കൊടി സ്വദേശിനി മൈമൂന (62) മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
ചെല്ലക്കൊടിയിലെ വീട്ടിലേക്ക് വെറും ഒന്നര കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് കുടുംബത്തെ തേടി ദുരന്തമെത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപമായിരുന്നു ദാരുണമായ സംഭവം.
മൈമൂനയുടെ ഭർത്താവ് കുഞ്ഞിമുഹമ്മദ് (70), മകൾ താഹിറ (46), ഇരട്ടക്കുട്ടികളായ അഷ്മിൽ (12), നഷ്മിൽ (12), മരുമകൻ ഇസ്ഹാഖ് (40), മകൾ ഷിഫ്ര (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്സിങ്ങിന് പഠിക്കുന്നതിനോടനുബന്ധിച്ചാണ് കുടുംബം യാത്ര പോയത്. മരുമകൻ ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്. അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നു. പാലം കഴിഞ്ഞ ഉടൻ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഉങ്ങ് മരത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വണ്ടൂർ പോലീസും ട്രോമാകെയർ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൈമൂന മരണപ്പെട്ടത്.
Malappuram,Kerala
September 27, 2025 12:28 PM IST
വീട്ടിലേക്കുള്ള അവസാന കിലോമീറ്ററിൽ ദുരന്തം: ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു; 6 പേർക്ക് പരിക്ക്
