Mohsin Naqvi| ആരാണ് മൊഹ്‌സിൻ നഖ്‌വി? ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ എസിസി മേധാവിയും പാക് മന്ത്രിയും| Mohsin Naqvi ACC Chief and Pak Minister Who Ran Off With Asia Cup Trophy After India Win | Sports
Last Updated:
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. എന്നാൽ, സൂര്യകുമാർ യാദവ് മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറി. ട്രോഫിയുമായി നഖ്‌വി മടങ്ങിപ്പോകുകയും ചെയ്തു
ദുബായിൽ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിന് പിന്നാലെ ട്രോഫിയെച്ചൊല്ലി അപ്രതീക്ഷിത നാടകീയ സംഭവങ്ങൾ അരങ്ങേറി. ഇതോടെ മൊഹ്‌സിൻ നഖ്‌വി ശ്രദ്ധാകേന്ദ്രമായി. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം.
വേദിയിൽ ഉറച്ചുനിന്ന നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, ട്രോഫി ഇല്ലാതെ തന്നെ വിജയികൾ അവരുടെ കിരീടധാരണം ആഘോഷിച്ച് സമ്മാനദാന ചടങ്ങ് അവസാനിപ്പിച്ചു.
രണ്ടാഴ്ചത്തെ ഇടവേളയിൽ മൂന്നാം തവണയും പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ഒൻപതാമത് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ചെയർമാനാണ് മൊഹ്‌സിൻ നഖ്‌വി. കൂടാതെ, അദ്ദേഹം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) മേധാവിയും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമാണ്. ഇന്ത്യക്കെതിരായ നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു.
സമ്മാനദാന ചടങ്ങ് തുടങ്ങുന്നതിനുമുമ്പ് വലിയ തർക്കങ്ങൾ നടന്നു. ഒരു മണിക്കൂറിലധികം അനിശ്ചിതത്വം നിലനിന്നു. ട്രോഫി നൽകേണ്ടിയിരുന്ന മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം പിസിബി മേധാവി വേദിയിൽ നിന്നു. ഇന്ത്യൻ ടീം അടുത്ത് നിലയുറപ്പിച്ചു, പാകിസ്ഥാൻ ടീം ഡ്രെസ്സിങ് റൂമിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പാക് മന്ത്രിയായിരിക്കും ട്രോഫി കൈമാറുകയെന്ന് ഇന്ത്യക്കാരെ അറിയിച്ചപ്പോൾ, അദ്ദേഹവുമായി ഇടപെടാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് അവർ അത് നിരസിച്ചു.
ഈ വിചിത്രമായ സംഭവവികാസങ്ങളോട് പ്രതികരിച്ച ബിസിസിഐ, ട്രോഫിയുമായി കടന്നുകളഞ്ഞ എസിസി ചെയർമാനെതിരെ നവംബറിൽ നടക്കുന്ന അടുത്ത ഐസിസി യോഗത്തിൽ ‘വളരെ ശക്തമായ പ്രതിഷേധം’ രേഖപ്പെടുത്തുമെന്ന് അറിയിച്ചു.
രാജ്യത്തിനെതിരെ “യുദ്ധം ചെയ്യുന്ന” ഒരാളിൽ നിന്ന് ഇന്ത്യക്ക് ട്രോഫി സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ടീമിന്റെ നടപടയെ ന്യായീകരിച്ചു.
ഞായറാഴ്ച നടന്ന ഫൈനലിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാനെ തോൽപ്പിച്ചത്. അവസാന ഓവർ വരെ നീണ്ട കടുത്ത മത്സരമായിരുന്നു ഇത്. തിലക് വർമയുടെ പുറത്താകാതെയുള്ള അർധ സെഞ്ചുറിയും കുൽദീപ് യാദവിന്റെ നാല് വിക്കറ്റുകളുമായിരുന്നു മത്സരത്തിലെ പ്രധാന ആകർഷണങ്ങൾ.
New Delhi,New Delhi,Delhi
September 29, 2025 8:51 AM IST
Mohsin Naqvi| ആരാണ് മൊഹ്‌സിൻ നഖ്‌വി? ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ എസിസി മേധാവിയും പാക് മന്ത്രിയും
