കോഴിയുടെ ചെസ്റ്റ് പീസിനു പകരം വിങ്സ് പീസ് നൽകി; ചിക്കൻ ഫ്രൈയെ ചൊല്ലി ഹോട്ടലിൽ കയ്യാങ്കളി; ഒരാൾക്ക് പരിക്ക്| Man Injured in Hotel Brawl After Getting Chicken Wings Instead of Chest Piece in ettumanoor kottayam | Kerala
Last Updated:
ഭക്ഷണം കഴിക്കാനെത്തിയ തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിൻ(34) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി
കോട്ടയം: ചിക്കൻ ഫ്രൈയെ ചൊല്ലിയുള്ള തർക്കം ഹോട്ടലില്‍ കയ്യാങ്കളിയിൽ കലാശിച്ചു. ഭക്ഷണം കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരന്റെ മർദനത്തിൽ പരിക്കേറ്റു. ചിക്കന്റെ ചെസ്റ്റ് പീസ് ഓർഡർ ചെയ്ത ആൾക്ക് വിങ്സ് പീസാണ് കിട്ടിയത്. ഇതേ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
ഏറ്റുമാനൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കയ്യാങ്കളി നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിൻ(34) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
ഹോട്ടലിൽ എത്തിയ നിധിൻ പൊറോട്ടയും ചിക്കൻ ഫ്രൈയുമാണ് ആവശ്യപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ഓർഡർ എടുത്തത്. ചിക്കന്റെ ചെസ്റ്റ് പീസ് വേണമെന്ന് നിധിൻ ജീവനക്കാരനോട് പ്രത്യേകം പറയുകയും ചെയ്തു.
എന്നാൽ കൊണ്ടുവന്നത് വിങ്സ് പീസ് ആയിരുന്നു. ഇത് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട തന്നോട് വേണമെങ്കിൽ കഴിച്ചാൽ മതിയെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്നും ഇയാളുടെ സംസാരരീതി ചോദ്യം ചെയ്ത തന്നെ മർദിക്കുകയായിരുന്നുവെന്നും നിധിൻ പറയുന്നു.
നിധിന്റെ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം ജീവനക്കാരൻ കടന്നുകളഞ്ഞെന്നും നിധിൻ പറയുന്നു. പരാതി ലഭിച്ചിട്ടില്ലെന്നും പരാതി വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
Kottayam,Kottayam,Kerala
September 29, 2025 10:31 AM IST
കോഴിയുടെ ചെസ്റ്റ് പീസിനു പകരം വിങ്സ് പീസ് നൽകി; ചിക്കൻ ഫ്രൈയെ ചൊല്ലി ഹോട്ടലിൽ കയ്യാങ്കളി; ഒരാൾക്ക് പരിക്ക്
