അരട്ടൈ ആപ്പ്: മൂന്ന് ദിവസത്തിനുള്ളില്‍ സൈന്‍ അപ്പ് നൂറിരട്ടി; പുതിയ ഉപയോക്താക്കളുടെ എണ്ണം പ്രതിദിനം 3.5 ലക്ഷമായി|Arattai app explode 100x in 3 days as sign ups soar from 3000 to 350000 daily | Money
സോഹോയുടെ മെസേജിംഗ് ആപ്പായ അരട്ടൈയെക്കുറിച്ചുള്ള അഞ്ച് പ്രധാന കാര്യങ്ങള്‍ അറിയാം.
അരട്ടൈ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം ‘കാഷ്വല്‍ ചാറ്റ്’ എന്നാണ്. ഈ ആപ്പ് പുതിയതായി അവതരിപ്പിച്ചതല്ല. സോഹോ കോര്‍പ്പറേഷന്‍ 2021ല്‍ ഒരു സൈഡ് പ്രൊജക്ടായാണ് അരട്ടൈ ആപ്പ് ആരംഭിച്ചത്. എന്നാല്‍, ഈ അടുത്ത കാലത്ത് ഇതിന് വലിയ തോതില്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശം അയക്കാനും, ഗ്രൂപ്പ് ചാറ്റുകള്‍ നടത്താനും വോയിസ് ക്ലിപ്പുകള്‍ അയക്കാനും കൂടാതെ, ചിത്രങ്ങളും വീഡിയോകളും സ്‌റ്റോറികളും അയക്കാനും ഇതുപയോഗിച്ച് കഴിയും. കൂടാതെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വഴിയും സന്ദേശം അയക്കാന്‍ കഴിയും. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആധിപത്യം പുലര്‍ത്തുന്ന വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാർക്ക് സ്വദേശി നിര്‍മിത, സ്‌പൈവെയര്‍ രഹിത ബദലാണിതെന്നതാണ് ഏറ്റവും പ്രധാന പ്രത്യേകത.
അരട്ടൈ ആപ്പ് മെസേജിംഗ് ലോകത്ത് പുതിയൊരു കാര്യം അവതരിപ്പിക്കുന്നില്ല. പരിചിതവും അത്യാവശ്യവുമായ സവിശേഷതകള്‍ മാത്രമാണ് ഇതിനുള്ളത്.
- വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളില്‍ ടെക്സ്റ്റ് സന്ദേശം, മീഡിയ, ഫയല്‍ പങ്കിടല്‍ എന്നിവ അനുവദിക്കുന്നു.
- എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ ഓഡിയോ, വീഡിയോ കോളുകളും നടത്താന്‍ കഴിയും.
- ഡെസ്‌ക്ടോപ്പ് ആപ്പുകളും ആന്‍ഡ്രോയിഡ് ടിവിയിലും ഉള്‍പ്പെടെ ഒന്നിലധികം ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും.
- കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഇന്‍ഫ്‌ളൂന്‍സേഴ്‌സ്, ബിസിനസ്സുകാര്‍ എന്നിവര്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കുന്നതിന് ചാനലുകളും സ്‌റ്റോറികളും നല്കാന്‍ കഴിയും.
എന്നാല്‍ സ്വകാര്യതയ്ക്ക് പ്രഥമസ്ഥാനം നല്‍കുന്നുവെന്നതാണ് സോഹോയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. വ്യക്തിഗത വിവരങ്ങളില്‍ നിന്ന് പണം സമ്പാദിക്കില്ലെന്ന് സോഹോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാലാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ ഈ ആപ്പ് ഇഷ്ടപ്പെടുന്നത്. ഡിജിറ്റല്‍ പരമാധികാരവും സ്‌പൈവെയര്‍ ആശങ്കകളും ആധിപത്യം പുലര്‍ത്തുന്ന ഒരു യുഗത്തില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് പ്രധാന്യമര്‍ഹിക്കുന്നു.
2021 മുതല്‍ അപ്പ് സ്റ്റോറുകളില്‍ അരട്ടൈ ആപ്പ് ഉണ്ടെങ്കിലും തദ്ദേശീയമായ ഡിജിറ്റല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി അരട്ടൈ ആപ്പ് ഉപയോഗിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആഹ്വാനം ചെയ്തതോടെയാണ് ജനപ്രീതി വര്‍ധിച്ചത്. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചോടെ വന്‍തോതില്‍ ഡൗണ്‍ലോഡുകള്‍ വര്‍ധിച്ചു. ഐഒഎസ്, ആഡ്രോയിഡ് ആപ്പ് സ്റ്റോറുകളില്‍ ആപ്പ് ഒന്നാംസ്ഥാനത്തെത്തി.
”മൂന്ന് ദിവസത്തിനുള്ളില്‍ അരട്ടൈ ട്രാഫിക്കില്‍ 100 മടങ്ങ് വര്‍ധനവുണ്ടായി. പുതിയ സൈന്‍ അപ്പുകള്‍ പ്രതിദിനം 3000 ഉണ്ടായിരുന്നത് 3.5 ലക്ഷമായി കുത്തനെ ഉയര്‍ന്നു. അതിനാല്‍ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ചേര്‍ക്കുകയാണ്,” സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ജനപ്രീതിയും ഡൗണ്‍ലോഡും പെട്ടെന്ന് വര്‍ധിച്ചതോടെ അരട്ടൈ ആപ്പും സമ്മര്‍ദത്തിലാണ്. പുതിയ ഉപയോക്താക്കള്‍ ഒഴുകിയെത്തുന്നതിന് ഒപ്പം നില്‍ക്കാന്‍ അതിന്റെ അടിസ്ഥാന സൗകര്യങ്ങളും അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒടിപി ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും കോണ്‍ടാക്ടുകള്‍ സിങ്ക് ചെയ്യാന്‍ പ്രയാസമുണ്ടെന്നും ചിലര്‍ പരാതിപ്പെടുന്നുണ്ട്. അധിക സവിശേഷതകളും മാര്‍ക്കറ്റിംഗും ഉള്‍പ്പെടെ നവംബറില്‍ വലിയൊരു ലോഞ്ചിംഗ് പദ്ധതിയിട്ടിരുന്നതായി വെമ്പു പറഞ്ഞു. എന്നാല്‍ ജനപ്രീതി പ്രതീക്ഷിച്ചിരുന്നതിലും മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായി. സെര്‍വറുകള്‍ വികസിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സോഹോയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് അരട്ടൈ വ്യക്തമാക്കി.
ജനപ്രീതി വര്‍ധിക്കുന്നതിനാല്‍ വാഗ്ദാനം ചെയ്ത സവിശേഷതള്‍ ഉള്ളതിനാലും പുതിയ ആപ്പ് വാട്ട്‌സ്ആപ്പിനെ മറികടക്കുമോ എന്നതാണ് വലിയ ചോദ്യം. ഇന്ത്യയില്‍ മാത്രം വാട്ട്‌സ്ആപ്പിന് 50 കോടി ഉപയോക്താക്കള്‍ ഉണ്ട്. കൂടാതെ, ഇത് ദൈനംദിന ജീവിതത്തില്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. കുടുംബ ചാറ്റുകള്‍ മുതല്‍ ഓഫീസ് അറിയിപ്പുകളും ബിസിനസ് ഇടപാടുകളും ഇതുവഴി നടക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള ജനപ്രീതി നിലനിര്‍ത്തുകയും ഉപയോക്താക്കള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ മികച്ചതെന്ന് തോന്നുന്ന ഒരു പ്ലാറ്റ്‌ഫോം നല്‍കുകയും ചെയ്യുക എന്നാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി.
കൂടാതെ മറ്റൊരു വിടവ് കൂടിയുണ്ട്. അരട്ടൈയില്‍ കോളുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ചാറ്റുകള്‍ക്ക് എന്‍ക്രിപ്ഷന്‍ ഇല്ല. വാട്ട്്‌സ്ആപ്പ് വളരെ കാലമായി വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു സവിശേഷതയാണിത്.
New Delhi,New Delhi,Delhi
September 30, 2025 1:32 PM IST
അരട്ടൈ ആപ്പ്: മൂന്ന് ദിവസത്തിനുള്ളില്‍ സൈന്‍ അപ്പ് നൂറിരട്ടി; പുതിയ ഉപയോക്താക്കളുടെ എണ്ണം പ്രതിദിനം 3.5 ലക്ഷമായി