ഗര്ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു| Pregnant 16-Year-Old Kills Boyfriend Who Threatened Her to Get Abortion | Crime
Last Updated:
കൊലയ്ക്ക് ശേഷം സ്വന്തം വീട്ടിലെത്തിയശേഷം പെൺകുട്ടി അമ്മയോടെ വിവരം തുറന്നുപറയുകയായിരുന്നു
ഛത്തീസ്ഗഢിലെ റായ്പൂരിൽ തർക്കത്തെ തുടർന്ന് 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി തന്റെ കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുഹമ്മദ് സദ്ദാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ലോഡ്ജിൽ നിന്നാണ് യുവാവിന്റെ മൃതദേഹം റായ്പൂർ പോലീസ് കണ്ടെടുത്തത്. സ്വന്തം നഗരമായ ബിലാസ്പൂരിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി അമ്മയോട് കുറ്റം സമ്മതിക്കുകയായിരുന്നു.
അഭൻപൂരിൽ എഞ്ചിനീയറിംഗ് ഓഫീസറായി ജോലി ചെയ്യുന്ന സദ്ദാമിനെ കാണാൻ വേണ്ടിയാണ് പെൺകുട്ടി റായ്പൂരിലേക്ക് എത്തിയത്. സദ്ദാം ബിഹാർ സ്വദേശിയാണ്. ശനിയാഴ്ച മുതൽ ഇരുവരും റായ്പൂരിലെ സത്കാർ ഗലിയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അവിടെ ഇവർക്കിടയിൽ തർക്കമുണ്ടായെന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഭവേഷ് ഗൗതം പറഞ്ഞു.
ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് ലോഡ്ജിന് പുറത്തുവെച്ച് യുവാവ് പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാത്രി, പെൺകുട്ടി അതേ കത്തി എടുത്ത് സദ്ദാം ഉറങ്ങിക്കിടക്കുമ്പോൾ കഴുത്ത് മുറിക്കുകയായിരുന്നു. പിന്നാലെ റൂം പുറത്ത് നിന്ന് പൂട്ടി, അയാളുടെ മൊബൈൽ ഫോണുമെടുത്ത് ഓടി രക്ഷപ്പെട്ടു. ലോഡ്ജ് റൂമിന്റെ താക്കോൽ അടുത്തുള്ള റെയിൽവേ ട്രാക്കുകൾക്കരികിൽ ഉപേക്ഷിച്ചു.
ബിലാസ്പൂരിൽ തിരിച്ചെത്തിയപ്പോൾ അമ്മ ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടി കൊലപാതക വിവരം സമ്മതിച്ചു. അമ്മയുടെ കൂടെയാണ് പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് റായ്പൂർ പോലീസ് ലോഡ്ജിലെത്തി സദ്ദാമിന്റെ മൃതദേഹം കണ്ടെത്തി.
മരിച്ചയാളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. “മരിച്ചയാളുടെ ഫോൺ കസ്റ്റഡിയിലുണ്ട്, നമ്പറിലൂടെ കുടുംബാംഗങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നു. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചോദ്യം ചെയ്തു വരികയാണ്.” – പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നുമാസം ഗർഭിണിയായിരുന്നുവെന്നും കുഞ്ഞിനെ നശിപ്പിക്കാൻ അവൾ വിസമ്മതിച്ചു എന്നുമാണ് വിവരം. സദ്ദാം അവളെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതിനെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
സദ്ദാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ കത്തി ഉപയോഗിച്ച് തന്നെയാണ് അയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. “ഇതൊരു വികാരപരമായ കുറ്റകൃത്യവും അതോടൊപ്പം നിസ്സഹായതയുടെ പ്രവർത്തിയും ആണെന്ന് തോന്നുന്നു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതോ അതോ പെട്ടെന്നുണ്ടായതോ എന്ന് അന്വേഷണത്തിലൂടെയോ വ്യക്തമാകൂ” – അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Raipur,Raipur,Chhattisgarh
September 30, 2025 2:54 PM IST
