Leading News Portal in Kerala

വയനാട് പുനർനിർമാണത്തിന് കേന്ദ്രസഹായം; 260.56 കോടി രൂപ അനുവദിച്ചു: അസമിനും സഹായം | central government allocates funds for disaster relief wayanad reconstruction | Kerala


Last Updated:

വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയ്ക്കും സഹായം അനുവദിച്ചിട്ടുണ്ട്

News18News18
News18

തിരുവനന്തപുരം: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ 9 സംസ്ഥാനങ്ങൾക്കാണ് സഹായം അനുവദിച്ചത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് ദേശീയ ദുരന്ത നിവാരണ നിധിയിൽ (NDRF) നിന്ന് 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി അനുവദിച്ചത്. എന്നാൽ, വയനാട് പുനർനിർമ്മാണത്തിനായി കേരളം ആവശ്യപ്പെട്ടത് 2221 കോടി രൂപയായിരുന്നു.

കേരളത്തിൻ്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ആദ്യ ചർച്ചകളിൽ കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ചീഫ് സെക്രട്ടറി നടത്തിയ അന്തിമ ചർച്ചയ്ക്ക് ശേഷം 260.56 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്. രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവച്ചിരിക്കുന്നത്.

അര്‍ബര്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിന്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.