Leading News Portal in Kerala

ആർ‌എസ്‌എസ് ശതാബ്ദി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ അമ്മ Chief Justice BR Gavais mother Kamal Gavai will not attend RSS centenary event | India


Last Updated:

തന്നെ അപകീർത്തിപ്പെടുത്താനുള്ള ആരോപണങ്ങളും ശ്രമങ്ങളും വല്ലാതെ വേദനിപ്പിച്ചുവെന്നും വിവാദം അവസാനിപ്പിക്കാനാണ് പരിപാടിയിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്നും കമൽ ഗവായ്

News18News18
News18

ഒക്ടോബർ 5 ന് അമരാവതിയിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയുടെ അമ്മ കമൽ ഗവായി. ആർഎസ്എസ് പരിപാടിയിലെ തന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വാർത്ത പരസ്യമായതിന് ശേഷമുണ്ടായ വിവാദങ്ങളെയും വിമർശനങ്ങളെയും തുടർന്നാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്ന പരിപാടിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് 84 കാരിയായ കമൽ ഗവായി തുറന്ന കത്തിൽ വ്യക്തമാക്കി.

മുൻ ബീഹാർ ഗവർണർ ആർ എസ് ഗവായിയുടെ ഭാര്യയാണ് കമൽ ഗവായി. താനും പരേതനായ ഭർത്താവും ഡോ. ​​ബി ആർ അംബേദ്കറുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നുവെന്ന് കമൽ ഗവായി കത്തിൽ പറയുന്നു.

“പരിപാടിയുടെ വാർത്ത പ്രസിദ്ധീകരിച്ചയുടനെ ആളുകൾ എനിക്കെതിരെ മാത്രമല്ല, ദാദാസാഹിബ് ഗവായിക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. അംബേദ്കറുടെ തത്വങ്ങൾക്കനുസൃതമായാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതം നയിച്ചത്, അദ്ദേഹം തന്റെ ജീവിതം മുഴുവൻ അംബേദ്കറൈറ്റ് പ്രസ്ഥാനത്തിനായി സമർപ്പിച്ചു,” അവർ എഴുതി.

ആർ‌എസ്‌എസ് പരിപാടികളിൽ പങ്കെടുക്കുന്നത് ഉൾപ്പെടെ പരസ്പര വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുള്ള സംഘടനകളുമായി തന്റെ ഭർത്താവ് പലപ്പോഴും ഇടപെട്ടിരുന്നുവെന്നും എന്നാൽ അവരുടെ ഹിന്ദുത്വ തത്ത്വചിന്ത ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഒക്ടോബർ 5 ലെ ചടങ്ങിൽ താൻ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ, അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുമായിരുന്നുവെന്നും എന്നാൽ ഒരൊറ്റ പരിപാടിയുടെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ആരോപണങ്ങളും ശ്രമങ്ങളും വല്ലാതെ വേദനിപ്പിച്ചുവെന്നും ഈ വിവാദം അവസാനിപ്പിക്കാനാണ് പരിപാടിയിൽ പങ്കെടുക്കെണ്ട എന്ന് തീരുമാനിച്ചതെന്നും കമൽ ഗവായ് കത്തിഷ വിശദീകരിച്ചു.