ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം India-China direct flight services to resume by end of October says Ministry of External Affairs | India
Last Updated:
2020 ന്റെ തുടക്കത്തിൽ കോവിഡ്-19 മഹാമാരിക്കാലത്താണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്
ഒക്ടോബർ അവസാനത്തോടെ ചൈനയുമായുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ. 2020 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് നടത്താനൊരുങ്ങുന്നത്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാർ അന്തിമമാക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ ഈ വർഷം ആദ്യം മുതൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഇന്ത്യയിലെും ചൈനയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കുമെന്നും, ഉഭയകക്ഷി വിനിമയങ്ങൾ ക്രമേണ സാധാരണ നിലയിലാക്കുന്നതിന് ഇത് കാരണമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനം.
2020 ന്റെ തുടക്കത്തിൽ കോവിഡ്-19 മഹാമാരിക്കാലത്താണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്. പരിമിതമായ സേവനങ്ങൾ ഒഴികെ, ഇരുപക്ഷവും യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിനുശേഷവും അവ പുനരാരംഭിച്ചിരുന്നില്ല. 2020 ജൂണിൽ ഗാൽവാൻ വാലിയിൽ ഉണ്ടായ സംഘർഷത്തിനുശേഷം ബന്ധം കൂടുതൽ വഷളായി. ഇത് ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെ പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു.
കഴിഞ്ഞ മാസം ഇന്ത്യ ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നു. കൈലാസ് മാനസരോവർ യാത്ര നടത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് ചൈന വീണ്ടും പ്രവേശനാനുമതിയും നൽകിയിരുന്നു. നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നത് അഞ്ച് വർഷത്തോളമായി ദീർഘമായ കണക്ഷൻ റൂട്ടുകളെ ആശ്രയിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്കും, ബിസിനസുകാർക്കും, കുടുംബങ്ങൾക്കും യാത്ര എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
New Delhi,Delhi
October 02, 2025 8:04 PM IST