ഓപ്പറേഷന്‍ സിന്ദൂര്‍; എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി Operation Sindoor Indian Air Force chief says Pakistani fighter jets including F-16 and J-17 jets shot down | India
Last Updated:
ഇന്ത്യൻ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ രസകരമായ കഥകൾ എന്നാണ് വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ് വിശേഷിപ്പിച്ചത്
ഓപ്പറേഷൻ സിന്ദൂരിനിടെ എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ്.93-ാമത് വ്യോമസേനാ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വാർഷിക പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തി കടന്നുള്ള നാല് ദിവസത്തെ ഏറ്റുമുട്ടലുകളിൽ ഇന്ത്യ പാകിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും യുഎസ് നിർമിത എഫ് -16 വിമാനങ്ങളും ചൈനീസ് നിർമിത ജെ -17 വിമാനങ്ങളും ഒരു എഇഡബ്ല്യു & സി (എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ) ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഹൈടെക് യുദ്ധവിമാനങ്ങളെങ്കിലും നശിപ്പിച്ചുവെന്നും എയർ മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു.
300 കിലോമീറ്ററിലധികം ദൂരെയുള്ള ഒരു ദീർഘദൂര ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാന്റെ കുറഞ്ഞത് നാല് സ്ഥലങ്ങളെങ്കിലും റഡാറുകൾ, രണ്ട് സ്ഥലങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, രണ്ട് സ്ഥലങ്ങളിലെ റൺവേകൾ എന്നിവ തകർന്നെന്നും മൂന്ന് വ്യത്യസ്ത സ്റ്റേഷനുകളിലുള്ള അവയുടെ മൂന്ന് ഹാംഗറുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ യുദ്ധവിമാനങ്ങളെ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ രസകരമായ കഥകൾ എന്ന് വിശേഷിപ്പിച്ച് അദ്ദേഹം തള്ളിക്കളയുകയാണുണ്ടായത്. ഇന്ത്യയുടെ എയർ ബേസോ ഹാംഗറോ എന്തെങ്കിലും തകർന്നതിന്റെ ചിത്രങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ? മറിച്ച് പാകിസ്ഥാന്റെ നിരവധി സ്ഥലങ്ങൾ തകർത്തതിന്റെ നിരവധി ചിത്രങ്ങൾ ഇന്ത്യയ്ക്ക് കാണിച്ചു തരാൻ കഴിയും. അവരുടെ ആഖ്യാനങ്ങൾ അവരുടെ രസകരമായ കഥകളാണ്. അത് പറഞ്ഞ് അവർ സന്തോഷിക്കട്ടെയെന്നും ആ കഥകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖം രക്ഷിക്കട്ടെയെന്നും വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു.
New Delhi,Delhi
October 03, 2025 3:48 PM IST
ഓപ്പറേഷന്‍ സിന്ദൂര്‍; എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി
