ജെസിയെ ഭർത്താവ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയ വിദേശവനിത; കോട്ടയം കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ | Further details of Kottayam Jessy murder case | Crime
Last Updated:
അവിവാഹിതൻ എന്ന് പറഞ്ഞ് വിദേശവനിതകളെ വീട്ടിൽ കൊണ്ടുവരാറുള്ള സാം ഭാര്യ ജെസിയെ കൊലപ്പെടുത്തിയതിനു പിന്നിൽ
കോട്ടയത്തു നിന്നും കാണാതായി ഇടുക്കിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജെസി ഭർത്താവ് സാമിൽ നിന്നും വർഷങ്ങളായി നേരിട്ടത് കൊടിയപീഡനമെന്നു വിവരം. ജെസി ഇയാളുടെ രണ്ടാം ഭാര്യയാണ്. ഇവർക്ക് മൂന്നു മക്കളുണ്ട്. അവിവാഹിതനെന്ന് പറഞ്ഞ് വിദേശവനിതകളെ ഉൾപ്പെടെ വീട്ടിലേക്ക് കൊണ്ടുവന്നു താമസിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇയാൾ.
2008ൽ സൗദിയിൽ താമസിക്കവേ വിദേശവനിതയുമായുള്ള ബന്ധം ചോദ്യം ചെയ്ത ജെസിയെ സാം വാതിലിന്റെ ലോക്ക് അഴിച്ച് പലകുറി തലയ്ക്കടിച്ചിരുന്നു. അന്നിവർ രണ്ടു മാസത്തോളം വെന്റിലേറ്ററിൽ ആയിരുന്നു. മക്കളുടെ ഭാവി ഓർത്ത് വീണ്ടും ഇയാളുടെ ഉപദ്രവം സഹിച്ച ജെസി സാമിന്റെ ഒപ്പം താമസിക്കുന്നത് തുടരുകയായിരുന്നു.
വർഷങ്ങളായി ഒരു വീടിന്റെ രണ്ടു നിലകളിലായാണ് ഇവരുടെ താമസം. പുറത്ത് സ്ഥാപിച്ച കോണിപ്പടിയിലൂടെയാണ് മുകൾ നിലയിലേക്ക് സാമിന് പ്രവേശനം. ഭാര്യ ജെസി താഴത്തെ നിലയിലും.
1994ൽ വിവാഹംചെയ്ത സാമും ജെസിയും 15 വർഷമായി ഒരു വീട്ടിൽ അകന്നാണ് താമസം. കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപത്തെ വീട്ടിലാണ് ഒരു വീടിന്റെ രണ്ടു നിലകളിലായി ഇവർ താമസമാരംഭിച്ചത്. 2018ൽ ഇവർക്ക് ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ കോടതി പോലീസ് സംരക്ഷണം നൽകിയിരുന്നു. പാലാ അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇവിടെ താമസിക്കാൻ സാമിനെ ജെസി അനുവദിക്കുകയായിരുന്നു.
സെപ്റ്റംബർ 26നാണ് ജെസിയെ കാണാതാവുന്നത്. 29ന് സുഹൃത്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ലഭ്യമായില്ല. ഈ വീട്ടിൽ നിന്നും ജെസിയെ മാറ്റിതാമസിപ്പിക്കാൻ സാം പലപ്പോഴായി ശ്രമിച്ചിരുന്നു.
താൻ അവിവാഹിതൻ എന്ന് പറഞ്ഞ് വിദേശവനിതകളെ ഇങ്ങോട്ടേയ്ക്ക് എത്തിക്കാറുള്ള സാം കൊണ്ടുവന്ന വിയറ്റ്നാമിൽ നിന്നുള്ള വിദേശ വനിത, സാമിന് ജെസിയെ കൊലപ്പെടുത്താൻ പ്ലാനുള്ള വിവരം അവരെ അറിയിച്ചിരുന്നു. ഇയാളുടെ പരസ്ത്രീ ബന്ധത്തിന് വിലങ്ങുതടിയാവുന്ന ജെസിയെ ഒഴിവാക്കുകയായിരുന്നു ലക്‌ഷ്യം. അവിവാഹിതൻ എന്ന് സാം പറയാറുണ്ടെങ്കിലും, വീട്ടിൽ വരുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയെന്നും തങ്ങൾക്ക് മൂന്ന് കുട്ടികളുണ്ടെന്നും അവർ വിവരം നൽകാറുണ്ട്. പലരും ഇതുകേട്ട് തിരികെപോകാറുണ്ട്. വിയറ്റ്നാമിലെ സ്ത്രീ, താൻ ചതിക്കപ്പെട്ടാണ് ഇവിടംവരെ എത്തിയത് എന്ന് ജെസിയെ അറിയിച്ച ശേഷം മടങ്ങിപോവുകയായിരുന്നു. ബന്ധം തകർത്ത ജെസിയേയും മകൻ സാന്റോയെയും കൊന്നുകളയും എന്ന് ഇയാൾ ഇവരോട് പറഞ്ഞതനുസരിച്ചാണ് അവർ ജെസിക്ക് മുന്നറിയിപ്പ് നൽകിയത്. അതിനു ശേഷം വളരെ കരുതലോടെയാണ് ജെസി ഇവിടെ താമസിച്ചത്.
ജെസിയെ ശ്വാസം മുട്ടിച്ചുകൊന്ന സാം, പിറ്റേന്ന് രാവിലെ മൃതദേഹം കാറിൽ കൊണ്ടുപോയി ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്തെ റോഡിൽ നിന്നും കൊക്കയിലേക്ക് തള്ളുകയായിരുന്നു.
Summary: Shocking details from the murder of 50-year old Jessy in Kottayam. Her husband Sam was taken into police custody later on
Thiruvananthapuram,Kerala
October 04, 2025 12:38 PM IST
ജെസിയെ ഭർത്താവ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയ വിദേശവനിത; കോട്ടയം കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ
