Leading News Portal in Kerala

താലിബാൻ മന്ത്രി ആദ്യമായി ഇന്ത്യയിലേക്ക്; അറിയുമോ അമീര്‍ ഖാന്‍ മുത്താഖിയെ? | Who is Amir Khan Muttaqi, Taliban foreign minister slated to visit India | World


Last Updated:

സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ഇഷ്ടം നേടാന്‍ അമീര്‍ ഖാന്‍ മുത്താഖി ശ്രമിക്കും

News18News18
News18

അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്റെ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യ സന്ദര്‍ശിക്കും. ഇത് ഇന്ത്യാ സര്‍ക്കാരും താലിബാനും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ ആദ്യ സന്ദര്‍ശനമായിരിക്കും. ഐക്യരാഷ്ട്രസഭയുടെ അംഗീകരിച്ച മുത്താഖിയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് യുഎന്‍എസ്‌സിയുടെ അനുമതി സെപ്റ്റംബര്‍ 30ന് ലഭിച്ചു.

സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ഇഷ്ടം നേടാന്‍ അമീര്‍ ഖാന്‍ മുത്താഖി ശ്രമിക്കും. എന്നാല്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇതുവരെയും ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. മുത്താഖി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ കാണും. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണവും ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയുമായിരിക്കും ഇത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മേയ് 15ന് ഇരുവരും ആദ്യമായി സംസാരിച്ചിരുന്നു.

മുത്താഖി-ജയ്ശങ്കര്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്ത്?

മുത്താഖി ഇന്ത്യ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ വന്നിട്ടില്ല. താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

ഇന്ത്യ പതിവായി അഫ്ഗാന് സഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇടയ്ക്ക് അല്‍പം വഷളായിരുന്നു. 2023ല്‍ ന്യൂഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടുന്നതിലേക്ക് പോലും ഇത് നയിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ മുത്താഖിയുടെ അജണ്ടയില്‍ ഈ വിഷയം വരാന്‍ സാധ്യതയുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ പുനരാരംഭിക്കുന്നതിന് മുത്താഖി സമ്മര്‍ദം ചെലുത്താനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യശാസ്ത്രം, അടിസ്ഥാന വികസന പദ്ധതികള്‍, വികസന സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഹകരണം തേടാനും മുത്താഖി ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരാണ് ആമിര്‍ ഖാന്‍ മുത്താഖി?

ഹാജി നാദിര്‍ ഖാന്റെ മകനാണ് ആമിര്‍ ഖാന്‍ മുത്താഖി. 1970 അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ സര്‍ഗുനില്‍ ജനിച്ച മുത്താഖിയുടെ കുടുംബം സോവിയറ്റ്-അഫ്ഗാനിസ്ഥാന്‍ യുദ്ധകാലത്ത് പാകിസ്ഥാനിലേക്ക് താമസം മാറി. അഫ്ഗാനില്‍ അഭയാര്‍ഥികള്‍ക്കായുള്ള വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാഭ്യാസം നേടി.

ഹെല്‍മണ്ടില്‍ സോവിയറ്റുകള്‍ക്കെതിരേ പോരാടിയുള്ള ഒരു ‘ജിഹാദി’യായിരുന്നു മുത്താഖിയെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

താഷ്‌കന്റ്, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ജിദ്ദ, സൗദി അറേബ്യ എന്നിവടങ്ങളില്‍ താലിബാന്റെ വക്താവാണ് മുത്താഖി. 1994ല്‍ കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ച മുത്താഖി ഉന്നത കൗണ്‍സിലിലെ ഒരു പ്രധാന അംഗമായിരുന്നു.