Leading News Portal in Kerala

മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍ Doctor arrested for prescribing cough syrup that killed 14 children in Madhya Pradesh | India


Last Updated:

മധ്യപ്രദേശിലും രാജസ്ഥാനിലും ഇതുവരെ കഫ് സിറപ്പ് കഴിച്ചതുമായി ബന്ധപ്പെട്ട് 18 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്

News18News18
News18

മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷാംശമടങ്ങിയതെന്ന് കരുതുന്ന കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണി അറസ്റ്റിലായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടര്‍ സോണി നിയമവിരുദ്ധമായി നിര്‍ദേശിച്ച കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച 14 കുട്ടികളാണ് മരിച്ചത്.

മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരുന്ന് നിര്‍മിച്ച ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനും ഡോ. സോണിക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഈ മരുന്നിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ ഹരേന്ദ്ര നാരായണ്‍ പറഞ്ഞു.

”ഞങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. മരുന്നില്‍ ഒരു ശതമാനം മാത്രം പരിധിക്കുള്ളില്‍ ഉണ്ടാകേണ്ട ഒരു ഘടകം 48.6 ശതമാനം വരെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് കടുത്ത വിഷാംശമടങ്ങിയതാണ്. ഇത്രയും ഉയര്‍ന്ന അളവ് കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും അപകടകരമാണ്,” അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു.

കോള്‍റിഫ് മരുന്ന് കഴിച്ച കുട്ടികളുടെ വൃക്കകൾ വളരെ വേഗത്തില്‍ മോശമായത് ഡോക്ടര്‍മാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ”മരുന്നു കഴിച്ച കുട്ടികളുടെ വൃക്കകള്‍ വളരെ വേഗത്തില്‍ തകരാറിലായി. നാല് വൃക്കകളുടെ ബയോപ്‌സികള്‍ നടത്തി. പരിശോധനയില്‍ കണ്ടെത്തിയ കേടുപാടുകള്‍ സാധാരണ നിലയേക്കാള്‍ വളരെ കൂടുതലായിരുന്നു. മരുന്നു സാമ്പിളുകള്‍ പരിശോധിച്ച് കഴിഞ്ഞപ്പോള്‍ അതിലെ ദോഷകരമായ പദാര്‍ത്ഥത്തിന്റെ അമിതമായ അളവാണ് വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാക്കിയതെന്ന് വ്യക്തമായി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”കുട്ടികളുടെ മരണകാരണം നേരത്തെ തന്നെ കണ്ടെത്തിയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുതിയതായി എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് എന്തൊക്കെ മരുന്നുകളാണ് നല്‍കിയതെന്ന് ഞങ്ങള്‍ക്കറിയാം. മരണകാരണം എന്താണെന്നും ഞങ്ങള്‍ക്കറിയാം. ആ മരുന്നുകളില്‍ കണ്ടെത്തിയ പദാര്‍ത്ഥം സുരക്ഷിതമായ പരിധില്‍നിന്നും വളരെ കൂടുതലായിരുന്നു,” അദ്ദേഹം പറഞ്ഞു.

മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം

കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.

അതേസമയം, കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ആവശ്യപ്പെട്ടിരുന്നു.

രണ്ട് സംസ്ഥാനങ്ങളിലായി മരിച്ചത് 18 കുട്ടികള്‍

മധ്യപ്രദേശിലും രാജസ്ഥാനിലും ഇതുവരെ കഫ് സിറപ്പ് കഴിച്ചതുമായി ബന്ധപ്പെട്ട് 18 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ 14 കുട്ടികളും രാജസ്ഥാനിലെ സിക്കറില്‍ ഒരാളും ഭരത്പുരില്‍ രണ്ട് പേരും ചുരു ജില്ലയില്‍ ഒരാളും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.