Leading News Portal in Kerala

സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ| CPM woman Leader death Friend Arrested on Abetment Charges | Crime


Last Updated:

രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്

രഞ്ജിതരഞ്ജിത
രഞ്ജിത

കാസർഗോഡ്: കുമ്പളയിലെ സിപിഎം നേതാവായ യുവ അഭിഭാഷക രഞ്ജിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രേരണാകുറ്റത്തിനു അഭിഭാഷക സുഹൃത്ത് അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പുറമുറ്റം മുണ്ടലം ശാന്ത ഭവനിലെ അനിൽ കുമാറി (45)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി ജിജീഷിൻ്റെ നിർദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്‌തത്‌. പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്.

വര്‍ഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് ഇയാള്‍. സെപ്തംബർ 30നാണ് രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.

നിരവധി തവണ കുടുംബാംഗങ്ങള്‍ ഫോണ്‍ചെയ്തിട്ടും രഞ്ജിത ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി വാതില്‍ ചവിട്ടിത്തുറന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഓഫീസ് മുറിയില്‍നിന്ന് കുറിപ്പും കണ്ടെത്തി. അഭിഭാഷക ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽനിന്നാണ് മരണം സംബന്ധിച്ച നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. രഞ്ജിതയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും സി പി എം കുമ്പള ഏരിയാ കമ്മറ്റിയും ലോക്കൽ കമ്മറ്റിയും രംഗത്തുവന്നിരുന്നു.

അടുത്ത സുഹൃത്തായ അഭിഭാഷകൻ രഞ്ജിതയുടെ മൃതദേഹം കാണാൻ പോലും തയ്യാറായിരുന്നില്ലെന്ന ആരോപണവും നിലവിലുണ്ട്. കുമ്പള ബത്തേരി സ്വദേശിനിയായ രഞ്ജിത വിവാഹിതയാണ്. കസ്റ്റഡിയിലുള്ള അനിൽകുമാറും വിവാഹിതനാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)