അറബി അധ്യാപികയുടെ നിയമനത്തിന് പണം വാങ്ങിയ ഹെഡ്മാസ്റ്ററുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി|High Court upholds conviction of headmaster who took money to hire Arabic teacher | Crime
Last Updated:
സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ചേർന്ന് അധ്യാപികയുടെ നിയമനത്തിനായി നാല് തവണകളായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങി
കൊച്ചി: പറവൂർ കുഞ്ഞിത്തൈ ഔവർ ലേഡി ഷെപ്പേർഡ് ആംഗ്ലോ ഇന്ത്യൻ എൽ.പി. സ്കൂളിലെ അറബി അധ്യാപികയുടെ നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സ്കൂൾ ഹെഡ്മാസ്റ്ററുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. തൃശ്ശൂർ അരിപ്പാലം പുതുശ്ശേരി വീട്ടിൽ സ്റ്റാൻലി പിഗറസിനാണ് മൂവാറ്റുപുഴ വിജിലൻസ് സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചത്. എന്നാൽ, സ്പെഷ്യൽ കോടതി വിധിച്ച രണ്ടു വർഷം തടവും 10,000 രൂപ പിഴയും ഹൈക്കോടതി ജസ്റ്റിസ് ബദറുദ്ദീൻ ഒരു വർഷത്തെ തടവായി കുറച്ചു. പിഴ ഒടുക്കാത്ത പക്ഷം പ്രതി ഒരു മാസം കൂടി തടവ് അനുഭവിക്കണം.
സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ചേർന്ന് അറബി അധ്യാപികയുടെ നിയമനത്തിനായി നാല് തവണകളായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങി ഔദ്യോഗിക കൃത്യവിലോപം നടത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിലെ രണ്ടാം പ്രതിയായ സ്കൂൾ മാനേജർ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. സ്കൂൾ മാനേജ്‌മെന്റ് പിന്നീട് ഒരു ലക്ഷം രൂപ അധ്യാപികയ്ക്ക് തിരികെ നൽകി. കൈക്കൂലി വാങ്ങിയ കുറ്റത്തിൽ സ്പെഷ്യൽ കോടതി പ്രതിയെ വെറുതെ വിട്ടെങ്കിലും ഔദ്യോഗിക കൃത്യവിലോപത്തിന് ശിക്ഷ വിധിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായാണ് പണം വാങ്ങിയത് എന്ന ഹെഡ്മാസ്റ്ററുടെ വാദം കോടതി തള്ളി. സ്പെഷ്യൽ കോടതി വിധിക്കെതിരെ പ്രതി സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. വിജിലൻസിന് വേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ (വിജിലൻസ്) എ. രാജേഷ്, സീനിയർ ഗവൺമെന്റ് പ്ലീഡർ എസ്. രേഖ എന്നിവരാണ് ഹൈക്കോടതിയിൽ ഹാജരായത്.
Kochi [Cochin],Ernakulam,Kerala
October 07, 2025 7:15 AM IST
