ക്രിമിനൽ കേസുകളിലെ സ്ഥിരം പ്രതി പൊലീസിനെ കണ്ട് പോണ്ടിച്ചേരിയിൽ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി മരിച്ചു | Criminal accused in assault case dies after jumping from building in pondicherry | India
Last Updated:
പറവൂർ അമ്പാട്ട് വീട്ടിൽ താമസിച്ചിരുന്ന മനോജ് എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്
പോണ്ടിച്ചേരി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടാൻ പോണ്ടിച്ചേരിയിലെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ, യുവാവ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് ചാടി മരിച്ചു. പറവൂർ സ്വദേശിയായ എ.സി. മനോജ് (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ പോണ്ടിച്ചേരിയിലെ കാരയ്ക്കലിലുള്ള വാടകവീട്ടിലാണ് സംഭവം. കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ മനോജിന് തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30-ന് മരണം സംഭവിക്കുകയായിരുന്നു.
പറവൂർ അമ്പാട്ട് വീട്ടിൽ താമസിച്ചിരുന്ന മനോജ് എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടുമാസം മുൻപ് ലക്ഷ്മി കോളേജിന് സമീപം സിനിമാ ഷൂട്ടിങ് സംഘത്തിലെ ആളുകളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയും ഇയാളാണ്. ഒരാഴ്ച മുൻപ് പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടാൻ ശ്രമിച്ച പോലീസ് സംഘത്തെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു.
മനോജ് കാരയ്ക്കലിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പറവൂരിൽനിന്നുള്ള പൊലീസ് സംഘം അവിടെയെത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു മനോജ് താമസിച്ചിരുന്നത്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ സമീപവാസികൾ നോക്കിനിൽക്കേ ഇയാൾ താഴേയ്ക്ക് ചാടുകയായിരുന്നു. കാരയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കാരയ്ക്കൽ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കും.
October 17, 2025 11:15 AM IST
ക്രിമിനൽ കേസുകളിലെ സ്ഥിരം പ്രതി പൊലീസിനെ കണ്ട് പോണ്ടിച്ചേരിയിൽ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി മരിച്ചു
