അനസ്‌തേഷ്യ നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടര്‍ ആറ് മാസത്തിനുശേഷം പിടിയില്‍|Doctor who killed wife by administering anesthesia arrested after six months | Crime
2025 ഏപ്രില്‍ 24-നാണ് ക്രുതിക മരണപ്പെട്ടത്. ഒക്ടോബര്‍ 14-ന് മണിപ്പാലില്‍ വെച്ച് ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി ജിഎസിനെ കൊലപാതകക്കുറ്റത്തിന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിക്ടോറിയ ഹോസ്പിറ്റലില്‍ ഫെലോഷിപ്പ് പിന്തുടരുന്ന ജനറല്‍ സര്‍ജന്‍ ആണ് മഹേന്ദ്ര റെഡ്ഡി.
29 വയസ്സുള്ള ഡെര്‍മറ്റോളജിസ്റ്റ് ക്രുതികയെ മാറത്തഹള്ളിയിലെ മുന്നേകൊലാലയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ക്രുതികയുടെ മരണകാരണമെന്ന് ആദ്യം മഹേന്ദ്ര അവകാശപ്പെട്ടു.
എന്നാല്‍, ഫോറന്‍സിക് പരിശോധനാ ഫലം വന്നതോടെ കേസില്‍ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് മഹേന്ദ്ര റെഡ്ഡി ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ഇയാള്‍ തന്റെ മെഡിക്കല്‍ വൈദഗ്ദ്ധ്യം ഉപയോഗിച്ച് നിയന്ത്രിത അനസ്‌തെറ്റിക് മരുന്നായ പ്രൊപ്പോഫോള്‍ ഭാര്യയ്ക്ക് നല്‍കിയതായും ഇത് ശ്വാസതടസത്തിനും മരണത്തിനും കാരണമായതായും പോലീസ് പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും പ്രൊപ്പോഫോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ഇതൊരു സംശയാസ്പദമായ മരണമായിരുന്നുവെന്നും എന്നാല്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നും ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് പറഞ്ഞു. പിന്നീട് പോലീസ് ഇത് സ്വാഭാവിക മരണമായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫോറന്‍സിക് പരിശോധന ഫലം വന്നപ്പോള്‍ മരിച്ചയാള്‍ക്ക് അമിതമായ അളവില്‍ അനസ്‌തേഷ്യ മരുന്ന് നനല്‍കിയതായി കണ്ടെത്തി. മയക്കത്തിനുള്ള മരുന്ന് അമിതമായി ശരീരത്തിലേക്ക് ചെന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും സീമന്ത് കുമാര്‍ സിംഗ് അറിയിച്ചു.
പിന്നീട് ക്രുതികയുടെ പിതാവ് മഹേന്ദ്ര റെഡ്ഡിക്കെതിരെ പരാതി നല്‍കിയെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മഹേന്ദ്ര റെഡ്ഡി തുടര്‍ച്ചയായി മൂന്ന് ദിവസം ഭാര്യയ്ക്ക് ഐവി ഇന്‍ജക്ഷന്‍ നല്‍കിയിരുന്നു. ഇത് ദഹനപ്രശ്‌നം കാരണമാണെന്ന് അയാള്‍ അവകാശപ്പെട്ടു.
ഏപ്രില്‍ 23-ന് അബോധാവസ്ഥയിലായ ക്രുതികയെ ആശുപത്രിയിലെത്തിച്ചു. 72 മണിക്കൂര്‍ ഫാസ്റ്റിംഗ് ടെസ്റ്റിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും 36 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ഡിസ്ചാര്‍ജ് വാങ്ങി. താമസിയാതെ ക്രുതിക മരണപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് മഹേന്ദ്ര പറഞ്ഞതായും ഇത് സംശയം തോന്നിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ സ്വാഭാവിക മരണ റിപ്പോര്‍ട്ട് തിരുത്തി സംഭവം കൊലപാതക കേസാക്കി മാറ്റി.
വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ക്രുതികയുടെ കുടുംബം ഒരു ക്ലിനിക് ആരംഭിക്കാന്‍ നേരത്തെ ദമ്പതികള്‍ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി തുടങ്ങാന്‍ മഹേന്ദ്ര ആവര്‍ത്തിച്ച് പണം ചോദിച്ചതായി അവരുടെ പിതാവ് മുനി റെഡ്ഡി കെ ആരോപിച്ചു. വിവാഹേതര ബന്ധം, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളും കുടുംബം ഇയാള്‍ക്കെതിരെ ആരോപിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ മുമ്പും ആരോപണങ്ങളുയര്‍ന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മഹേന്ദ്ര റെഡ്ഡിയുടെയും അയാളുടെ സഹോദരങ്ങളുടെയും പേരില്‍ വഞ്ചന, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി കണ്ടെത്തി. ആ കേസില്‍ പിന്നീട് 2023-ല്‍ ഒത്തുതീര്‍പ്പായി. 2024 മേയിലായിരുന്നു ക്രുതികയുമായുള്ള വിവാഹം. ഈ വിവരങ്ങളെല്ലാം ക്രുതികയില്‍ നിന്നും മറച്ചുവെച്ചു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ഡോ. മഹേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന ബിഎന്‍എസ് വകുപ്പ് 103 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
New Delhi,New Delhi,Delhi
October 16, 2025 11:22 AM IST