‘തിരുമേനിക്ക് കൊടുക്കാൻ തൈര് വേണമെന്ന് പൊലീസ്: അയ്യപ്പന്റെ സ്വർണം കട്ടവന് തൈര് ഇല്ലെന്ന് കടയുടമ | sabarimala gold theft case shop owner refused to give curd to Unnikrishnan Potty for lunch | Kerala
Last Updated:
ശബരിമലയിലെ 2 കിലോ സ്വർണം കവർന്നു എന്ന ഗുരുതരമായ കേസിലാണ് പോറ്റി അറസ്റ്റിലായത്
ശബരിമല സ്വർണ മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉച്ചയൂണിന് തൈര് നൽകാൻ വിസമ്മതിച്ച് കടയുടമ. പോറ്റിയ്ക്ക് തൈര് നിർബന്ധമാണെന്ന് അറിയിച്ചതോടെ വാങ്ങി നൽകാൻ പൊലീസും തയ്യാറായി.
കോടതിയിൽ നിന്ന് പത്തനംതിട്ട എസ്.പി. ഓഫീസിൽ ഉച്ചയ്ക്ക് എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റി തൈര് വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോലീസ് സമീപത്തെ കടയിൽ നിന്ന് തൈര് വാങ്ങി. എന്നാൽ, അപ്പോഴേക്കും മറ്റാരോ പോറ്റിക്ക് തൈര് നൽകിയതിനാൽ പോലീസ് അത് കടയിൽ തിരികെയെത്തിച്ചു.
വാങ്ങിയ തൈര് തിരിച്ചു നല്‍കിയപ്പോഴാണ് കടയുടമയ്ക്ക് കാര്യം പിടികിട്ടിയത് . പൊലീസ് തൈരുവാങ്ങിയത് പോറ്റിക്കാണെന്നറിഞ്ഞതോടെ കടയുടമയും നിലപാട് അറിയിച്ചു. ഇന്നു നല്‍കിയത് നല്‍കി .ഇനി മേല്‍ അയ്യന്‍റെ സ്വര്‍ണം കട്ടവന് തൈരില്ലെന്നായി കടയുടമ. തൈര് തിരികെ നൽകിയപ്പോൾ അതിന്റെ പണവും കടയുടമ വാങ്ങാൻ തയ്യാറായില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ശബരിമല സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ 13 ദിവസത്തേക്ക് റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. കേസിൽ പ്രതിപ്പട്ടികയിലുള്ളവരിൽ ആദ്യ അറസ്റ്റാണിത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമലയിലെ 2 കിലോ സ്വർണം കവർന്നു എന്ന ഗുരുതരമായ കേസിലാണ് പോറ്റി അറസ്റ്റിലായത്. കോടതി നടപടിക്രമങ്ങൾ അഭിഭാഷകരെ ഉൾപ്പെടെ പുറത്തിറക്കി രഹസ്യമായാണ് പൂർത്തിയാക്കിയത്. ഈ നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. തെളിവെടുപ്പിന്റെ ഭാഗമായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
Thiruvananthapuram,Kerala
October 17, 2025 5:50 PM IST
