30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നവവധുവിനെ കൊലപ്പെടുത്തിയ 30-കാരന്‍ അറസ്റ്റില്‍|30-year-old man arrested for killing newlywed to extort Rs 30 lakh insurance money | Crime
Last Updated:
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇതൊരു അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാൻ പ്രതി ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നവവധുവിനെ കൊലപ്പെടുത്തിയ 30-കാരനെ പോലീസ് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം നടന്നത്. അപകട മരണമാണ് വരുത്തിതീർത്ത് പ്രതി തന്റെ നവവധുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
23 വയസ്സുള്ള സേവന്തി കുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് കുമാര്‍ മെഹ്തയാണ് അറസ്റ്റിലായതെന്ന് പദാമ ഔട്ട് പോസ്റ്റ് ചുമതലയുള്ള സഞ്ചിത് കുമാര്‍ ദുബെ പിടിഐയോട് പറഞ്ഞു. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഭാര്യയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായാണ് മുകേഷ് കുമാര്‍ കൊലപാതകം നടത്തിയത്. അതിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇതൊരു റോഡപകട മരണമാണെന്ന് പ്രതി വരുത്തിതീര്‍ക്കുകയായിരുന്നു.
ഒക്ടോബര്‍ 9-ന് രാത്രിയാണ് സംഭവം നടന്നത്. പദാമ-ഇത്‌ഖോരി റൂട്ടില്‍ റോഡപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ദമ്പതികളെ കുറിച്ച് വിവരം ലഭിച്ചതായും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവസ്ഥലത്ത് പ്രതി മുകേഷ് അബോധാവസ്ഥയില്‍ അഭിനയിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
സേവന്തി മരണപ്പെട്ടതായി സ്ഥിരീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. പരിക്കേറ്റതായി നടിച്ച ഭര്‍ത്താവ് മുകേഷ് പിന്നീട് ചികിത്സയ്ക്ക് വിധേയനായി. എന്നാല്‍ സേവന്തിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ മുകേഷിന്റെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇതേക്കുറിച്ച് നാട്ടുകാരില്‍ നിന്ന് പരാതി ലഭിച്ചതായും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം തെളിഞ്ഞതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വിശദമാക്കി.
30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് മുകേഷ് അപേക്ഷിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
വയറുവേദനയ്ക്ക് ചികിത്സിക്കാന്‍ എന്ന് പറഞ്ഞാണ് പ്രതി ഭാര്യയെയും കൂട്ടി ഇറങ്ങിയത്. തുടര്‍ന്ന് അവരെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും കഴുത്തുഞ്ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ബൈക്ക് യാത്രയ്ക്കിടെ അപകടം സംഭവിച്ചതായി വരുത്തിതീര്‍ത്തു. മൃതദേഹം റോഡില്‍ കിടത്തി.
എന്നാല്‍ ഒരു അപകടത്തിന്റെ ആഘാതത്തില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ ബൈക്കിന് സംഭവിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. മുകേഷിന് നിസ്സാരമായ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
New Delhi,New Delhi,Delhi
October 15, 2025 7:48 AM IST
