Leading News Portal in Kerala

എസി ബസ് സ്ലീപ്പര്‍ കോച്ചായി ഉപയോഗിച്ചതാണോ രാജസ്ഥാനിലെ തീപിടിത്തത്തിന് കാരണം? | Was the use of an AC bus as a sleeper coach the reason for the fire in Rajasthan | India


Last Updated:

ഈ റൂട്ടില്‍ അഞ്ച് ദിവസം മുമ്പാണ് അപകടത്തിൽപ്പെട്ട ബസ് സര്‍വീസ് ആരംഭിച്ചത്

News18News18
News18

രാജസ്ഥാനിലെ ജോധ്പുര്‍-ജയ്‌സാല്‍മേര്‍ ഹൈവേയില്‍ സ്വകാര്യ ബസിനു തീപിടിച്ച് 20 യാത്രക്കാര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച വൈകീട്ട് ജെയ്‌സാല്‍മേറില്‍ നിന്ന് ജോധ്പുരിലേക്ക് യാത്ര പുറപ്പെട്ട കെകെ ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ഏസി സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ഈ റൂട്ടില്‍ അഞ്ച് ദിവസം മുമ്പാണ് അപകടത്തിൽപ്പെട്ട ബസ് സര്‍വീസ് ആരംഭിച്ചത്. എസി ബസ് സ്ലീപ്പര്‍ കോച്ചായി ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ അപകടമുണ്ടായപ്പോള്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാഹനത്തിന്റെ പിന്നില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിറുത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ബസിനെ തീ വഴുങ്ങി. ബസ് ഏസി സ്ലീപ്പര്‍ കോച്ചാക്കി മാറ്റിയപ്പോള്‍ ഉള്ളില്‍ ഫൈബര്‍ ബോഡി പാനലുകളും കര്‍ട്ടനുകളും ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബസിന്റെ വിന്‍ഡോകള്‍ കട്ടിയേറിയ ഗ്ലാസുകൊണ്ടാണ് നിര്‍മിച്ചിരുന്നത്. ഇത് ബസിനുള്ളില്‍ തീ വേഗത്തില്‍ പടരാന്‍ കാരണമായി. ബസിനുള്ളില്‍ നിറയെ ആളുകളുണ്ടായിരുന്നതായും ചില യാത്രക്കാര്‍ ബസിന്റെ ഇടുങ്ങിയ ഇടനാഴിയില്‍ പോലും ഇരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തീ പടര്‍ന്നതോടെ ഇലക്ട്രിക് വയറുകള്‍ കത്തി നശിച്ചു. ഇതോടെ മുന്‍വശത്തുണ്ടായിരുന്ന പുറത്തേക്ക് കടക്കാനുള്ള ഒരേയൊരു വാതിലും തുറക്കാനായില്ല. തുടര്‍ന്ന് യാത്രക്കാര്‍ അകത്ത് കുടുങ്ങി. ചിലര്‍ ബസിന്റെ വിൻഡോ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും സാധ്യമായില്ല.

അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഒരു ആര്‍മി സ്റ്റേഷനില്‍ നിന്നുള്ള സൈനികരുടെ സംഘമെത്തി ജെസിബി ഉപയോഗിച്ച് തകര്‍ത്താണ് ബസിന്റെ വാതില്‍ തുറന്നത്. ഇവിടെ അടുത്ത് ബാര്‍ നടത്തുന്ന ഒരു കരാറുകാരന്‍ ആര്‍മി സ്‌റ്റേഷനില്‍ നിന്ന് വാട്ടര്‍ ടാങ്കര്‍ കൊണ്ടുവന്ന് തീ അണയ്ക്കാന്‍ സഹായിച്ചു. അറിയിപ്പ് ലഭിച്ച് 45 മിനിറ്റിന് ശേഷമാണ് അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തിയത്.

പരിക്കേറ്റവരെ ആദ്യം ജവഹര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ 16 യാത്രക്കാരെ ജോധ്പൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ച ഓരോ യാത്രക്കാരന്റെയും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയുംചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാന്‍ ശര്‍മ സംഭവസ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച രീതിയിലുള്ള വൈദ്യസഹായം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനും അദ്ദേഹം നിര്‍ദേശം നല്‍കി.

മാറ്റം വരുത്തിയ എസി സ്ലീപ്പര്‍ ബസുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യേണ്ടതിന്റെയും ഹൈവേകളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ അവ നേരിടാനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നതായി അധികൃതര്‍ പറഞ്ഞു.