ഓൺലൈൻ വാതുവെപ്പ് ; കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി Online betting case ED seizes assets worth over Rs 150 crore of Congress MLA Virendra Pappy | India
Last Updated:
കിംഗ് 567, രാജ 567 എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് വെബ്സൈറ്റുകളുടെ പ്രവർത്തനം പപ്പിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേർന്ന് നടത്തിയതായി ഇഡി കണ്ടെത്തി
ബെംഗളൂരു: അനധികൃത ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇതുവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
ഇഡിയുടെ ബെംഗളൂരു സോണൽ ഓഫീസ് വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ചല്ലക്കെരെയിലെ രണ്ട് വ്യത്യസ്ത ലോക്കറുകളിൽ നിന്ന് 50.33 കോടി രൂപ വിലമതിക്കുന്ന 40 കിലോ 24 കാരറ്റ് സ്വർണ്ണക്കട്ടി ഇഡി പിടിച്ചെടുത്തു. ഇതോടെ കേസിലെ ആകെ പിടിച്ചെടുക്കൽ 150 കോടി രൂപ കവിഞ്ഞു. ഇതിനുമുമ്പ്, 21 കിലോ സ്വർണ്ണക്കട്ടികൾ, പണം, ആഭരണങ്ങൾ, ആഡംബര വാഹനങ്ങൾ, ബാങ്ക് ബാലൻസുകൾ എന്നിവയുൾപ്പെടെ 103 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
കിംഗ് 567, രാജ 567 എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് വെബ്സൈറ്റുകളുടെ പ്രവർത്തനം പപ്പിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൂട്ടാളികളും ചേർന്ന് നടത്തിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി. വീരേന്ദ്രയുടെ നിയന്ത്രണത്തിലുള്ള വാതുവെപ്പ് ആപ്പുകളിലൂടെ 2,000 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയതെന്നും ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായി.
പപ്പിയുടെയും കുടുംബത്തിന്റെയും കൂട്ടാളികളുടെയും അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകൾ, വിസ ഫീസ്, കോടിക്കണക്കിന് രൂപയുടെ ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന ഇടപാടുകൾക്കായി പണം മ്യൂൾ അക്കൗണ്ടുകൾ വഴി ഉപയോഗിച്ചതായി ആരോപണമുണ്ട്. മാർക്കറ്റിംഗ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ, പ്ലാറ്റ്ഫോം ഹോസ്റ്റിംഗ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ തുടങ്ങിയ പ്രവർത്തന ചെലവുകൾ മറച്ചുവെച്ച് എംഎൽഎയും അദ്ദേഹത്തിന്റെ അടുത്ത വൃത്തവും നിയന്ത്രിക്കുന്ന ഇടനില അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണം നൽകിയതെന്നും ഇഡി പറഞ്ഞു.
October 11, 2025 4:12 PM IST
ഓൺലൈൻ വാതുവെപ്പ് ; കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി