‘ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും’: ചാണ്ടി ഉമ്മന്‍| Chandy Oommen says he was Insulted and Removed from Post on Oommen Chandys Death Anniversary | Kerala
Last Updated:
യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. നടപടിയില്‍ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതല്‍ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അബിനെ കൂടി പരിഗണിച്ചുവേണമായിരുന്നു തീരുമാനം എടുക്കാന്‍. പക്ഷേ തീരുമാനമെടുത്ത സാഹചര്യത്തില്‍ അതിനൊപ്പം നില്‍ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
‘എന്റെ പിതാവിന്റെ ഓര്‍മദിവസം എന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Kottayam,Kottayam,Kerala
October 16, 2025 10:04 AM IST
‘ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും’: ചാണ്ടി ഉമ്മന്‍
